റിയാദ്: ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി വയോധിക റിയാദിൽ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ മാനത്തുമംഗലം കുറുപ്പന്തൊടി വീട്ടിൽ ഖദീജ (79) ആണ് റിയാദ് എയർപ്പോർട്ടിന് സമീപമുള്ള കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ മരിച്ചത്. നാട്ടിൽനിന്നുള്ള ഉംറ ഗ്രൂപ്പിലാണ് എത്തിയത്. മക്കയിൽ ഉംറ കർമങ്ങളും മദീന സന്ദർശനവും പൂർത്തിയാക്കി മടങ്ങാൻ ജിദ്ദയിലെത്തിയപ്പോൾ ചില സാങ്കേതിക കാരണങ്ങളാൽ യാത്ര തടസ്സപ്പെടുകയായിരുന്നു.
തുടർന്ന് ആ ഗ്രൂപ്പിൽ വന്നവരെല്ലാം റിയാദിൽനിന്ന് പോകാൻ ടിക്കറ്റ് ശരിയാക്കി ബസിൽ ഇവിടെ എത്തി. റിയാദ് വിമാനത്താവളത്തിലേക്ക് അടുത്തുകൊണ്ടിരിക്കെ ബസിൽ വെച്ച് ഖദീജക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻ സമീപത്തെ കിങ് അബ്ദുല്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്.
അമീർ ഒഴികെ ഉംറ ഗ്രൂപ്പിൽ വന്ന ബാക്കിയുള്ളവരെല്ലാം നാട്ടിലേക്ക് മടങ്ങി. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. അതിനുളള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് രംഗത്തുണ്ട്. പരേതനായ മുഹമ്മദ് ഹാജിയാണ് മരിച്ച ഖദീജയുടെ ഭർത്താവ്. പരേതരായ മമ്മദ്- ഉമ്മത്ത് ദമ്പതികളാണ് മാതാപിതാക്കൾ. മക്കൾ: ഹസൈനാർ, സക്കീർ, ഹുസൈന്, ബുഷ്റ, ആമിന, സുലൈഖ, സുബൈദ, സീനത്ത്, സഫൂറ, ഉമൈവ.