കണ്ണൂർ : കണ്ണൂരിൽ സിഐടിയു തൊഴിലാളികൾ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മാതമംഗലം സിഐടിയു യൂണിറ്റ് സെക്രട്ടറി മബീഷ് ഉൾപ്പെടെ പത്ത് പേർക്കെതിരെ കേസെടുത്തു. പയ്യന്നൂർ മാതമംഗലത്ത് നോക്കുകൂലി തർക്കം നിലനിൽക്കുന്ന എസ്ആർ അസോസിയേറ്റ്സ് എന്ന ഹാർഡ്‍വെയർ ഷോപ്പിൽ നിന്നും സാധനങ്ങൾ വാങ്ങിയതിനാണ് അഫ്സൽ എന്നയാളെ സിഐടിയു തൊഴിലാളികൾ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയത്. ഈ കടയിൽ നിന്നും സാധനങ്ങൾ വാങ്ങരുതെന്ന് സിഐടിയുക്കാർ വിലക്കിയിരുന്നുവെന്നാണ് പരിക്കേറ്റ അഫ്സൽ പറയുന്നത്. ആക്രമണത്തിൽ അഫ്സലിന്റെ തലയ്ക്കും നെഞ്ചിനും പരിക്കേറ്റ ഇദ്ദേഹം പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിരുന്നു. സിഐടിയുക്കാർ വിലക്കിയ കടയിൽ നിന്നും സാധനം വാങ്ങിയതിനാണ് തന്നെ മർദ്ദിച്ചതെന്നാണ് അഫ്സൽ നേരത്തെ പ്രതികരിച്ചത്. എന്നാൽ അതേസമയം, സമരം പൊളിക്കാനെത്തിയ ആളെയാണ് കൈകാര്യം ചെയ്തതെന്നാണ് സിഐടിയു യൂണിയൻ സെക്രട്ടറിയുടെ വിശദീകരണം.