ദില്ലി: മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് സംശയിച്ച് ദില്ലിയിൽ മൂന്ന് യുവാക്കളെ ജനക്കൂട്ടം പട്ടാപ്പകൽ നഗ്നരാക്കി മർദ്ദിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ദില്ലിയിലെ നരേള ഏരിയയിൽ ആണ് ഒരു കൂട്ടം ആളുകൾ ചേർന്ന് യുവാക്കളെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് വളഞ്ഞിട്ട് മർദ്ദിച്ചതെന്ന് ദില്ലി പൊലീസ് പറയുന്നു. ഇരുപത് വയസ്സ് പ്രായം തോന്നിക്കുന്ന യുവാക്കളാണ് ആൾക്കൂട്ട ആക്രമത്തിനിരയായത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവത്തിൽ ദില്ലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയോടെയാണ് മൂന്ന് യുവാക്കളെ ജനക്കൂട്ടം തടഞ്ഞ് വെക്കുന്നത്. മൊബൈൽ ഫോൺ മോഷ്ടിച്ചെന്നായിരുന്നു ഇവർക്കെതിരെയുള്ള ആരോപണം. ചോദ്യം ചെയ്യലിന് ശേഷം ജനക്കൂട്ടം യുവാക്കളെ വിവസ്ത്രരാക്കി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ‘തുണി അഴിക്കെടാ’ എന്ന് ആക്രോശിച്ച് ബലപ്രയോഗത്തിലൂടെ ഇവരെ നഗ്നരാക്കുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംഭവസ്ഥലത്ത് വെച്ച് ചിലർ മൂന്ന് പേരുടെയും വസ്ത്രങ്ങൾ കത്തിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്ത യുവാക്കൾ പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു.
കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയപ്പോഴാണ് ആക്രമണത്തെക്കുറിച്ച് പൊലീസ് അറിയുന്നത്. എന്നാൽ പൊലീസ് എത്തുമ്പോൾ ആക്രമണത്തിന്റെ യാതൊരു ലക്ഷണവും കാണാൻ സാധിച്ചില്ല. യുവാക്കൾ ഓടിപ്പോയതോടെ ജനക്കൂട്ടവും പിരിഞ്ഞ് പോയിരുന്നു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ തിരികെ പോയി. ഇതിന് പിന്നാലെയാണ് യുവാക്കളെ അതിക്രൂരമായി ആക്രമിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
വീഡിയോ വൈറലായതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തിൽ ഇതുവരെ ആരും പൊലീസിൽ പരാതി നൽകിയിട്ടില്ലെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രവി കുമാർ സിംഗ് പറഞ്ഞു. ആക്രമണ വീഡിയോ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മൂവർസംഘം മൊബൈൽ ഫോൺ മോഷണം നടത്തിയെന്ന ആരോപണത്തിലെ സത്യാവസ്ഥ എന്തെന്ന് പരിശോധിച്ചുവരികയാണ്. പ്രദേശത്ത് ചിലരെ ചോദ്യം ചെയ്തു. യുവാക്കളെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കുമെന്നും ദില്ലി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പറഞ്ഞു.