ഇംഫാൽ: മണിപ്പൂരിലെ തൗബാലിൽ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര സർക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിമർശനവുമായി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മണിപ്പൂർ സന്ദർശിക്കാത്തത് ലജ്ജാകരമാണെന്ന് രാഹുൽ പറഞ്ഞു.
മണിപ്പൂരിൽ അടിസ്ഥാന സർക്കാർ സംവിധാനങ്ങളെല്ലാം പരാജയപ്പെട്ടു. ഭാരത് ജോഡോ ന്യായ് യാത്ര എവിടെ നിന്ന് തുടങ്ങണമെന്ന ചർച്ചയിൽ മണിപ്പൂരിൽ നിന്ന് മാത്രമേ യാത്ര ആരംഭിക്കാൻ കഴിയൂ എന്ന് ഞാൻ പറഞ്ഞു. രാജ്യം വലിയ അനീതിയുടെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായി അനീതികളടക്കം അതിലുണ്ട് -രാഹുൽ പറഞ്ഞു.
മണിപ്പൂരിനെ ഇന്ത്യയുടെ രത്‌നമെന്നാണ് ജവഹർലാൽ നെഹ്‌റു വിശേഷിപ്പിച്ചതെന്ന് ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ജവഹർലാൽ നെഹ്‌റു മണിപ്പൂർ സന്ദർശിച്ചപ്പോൾ ഇന്ത്യയുടെ രത്‌നമെന്നാണ് മണിപ്പൂരിനെ വിശേഷിപ്പിച്ചത്. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഇക്കാര്യം ആവർത്തിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ വോട്ട് തേടാൻ വന്നു. എന്നാൽ മണിപ്പൂരിലെ ജനങ്ങൾ വേദനിക്കുമ്പോൾ വന്നില്ല.
പാർലമെന്റിലെ എംപിമാരുടെ സസ്‌പെൻഷൻ വിഷയത്തെക്കുറിച്ചും ഖാർഗെ തന്‍റെ പ്രസംഗത്തിൽ പറഞ്ഞു. ജനാധിപത്യവിരുദ്ധമായ നടപടിയാണ് അത്. ഞങ്ങൾ അതിനെതിരെ പോരാടിയെങ്കിലും കേന്ദ്ര സർക്കാർ ഞങ്ങളെ ചെവിക്കൊണ്ടില്ല… നമ്മുടെ രാജ്യത്ത് ഏകാധിപത്യ മനോഭാവമാണ് പ്രവർത്തിക്കുന്നത്. ഭരണഘടനയുടെ ആമുഖ തത്വങ്ങൾ സംരക്ഷിക്കാനാണ് രാഹുൽ ഗാന്ധി പോരാടുന്നത്. ബി.ജെ.പി മതത്തെ രാഷ്ട്രീയത്തിൽ കലർത്തുകയാണ് ചെയ്യുന്നത്. മതേതരത്വത്തിനും സമത്വത്തിനും സാമൂഹിക നീതിക്കും വേണ്ടിയാണ് നമ്മൽ പോരാടുന്നത് -ഖാർഗെ പറഞ്ഞു.
തീരുമാനിച്ചതിലും ഏറെ വൈകിയാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് തൗബാലിൽ ഫ്ലാഗ് ഓഫ് ചെയ്ത് തുടക്കമായത്. ഉച്ചക്ക് 12നാണ് ഫ്ലാഗ് ഓഫ് നടത്തി ഇന്ന് തന്നെ മണിപ്പൂരിലെ പര്യടനം പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, ഏറെ വൈകിയാണ് രാഹുലിനും സംഘത്തിനും ഡൽഹിയിൽനിന്നും മണിപ്പൂരിലെത്താനായത്. ഡൽഹിയിലെ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഇംഫാലിലേക്കുള്ള വിമാനം പുറപ്പെടാൻ വൈകുകയായിരുന്നു.