തൃശൂര്‍: ലൂര്‍ദ് കത്തീഡ്രൽ ദേവാലയത്തിലെ മാതാവിന്റെ രൂപത്തിൽ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി സമര്‍പ്പിച്ച സ്വർണക്കിരീടം താഴെ വീണ് പൊട്ടിയതിൽ പരിഹാസവുമായി സമൂഹ മാധ്യമങ്ങൾ. കിരീടം സമര്‍പ്പിച്ച് സുരേഷ് ഗോപിയും കുടുംബവും പ്രാർഥിക്കുന്നതിനിടെയാണ് താഴെ വീണ് മുകള്‍ഭാഗം വേര്‍പെട്ടത്. ഏകദേശം അഞ്ച് പവനോളം തൂക്കമുള്ള സ്വർണത്തിൽ പൊതിഞ്ഞ കിരീടമാണ് സമർപ്പിച്ചത്. തിങ്കളാഴ്ച രാവിലെ കുടുംബസമേതമാണ് സുരേഷ് ഗോപി പള്ളിയിലെത്തിയത്. മകളുടെ വിവാഹത്തിന് മുമ്പായി ലൂര്‍ദ് മാതാവിന് സ്വർണക്കിരീടം സമര്‍പ്പിക്കുമെന്ന് നേരത്തെ നേര്‍ച്ചയുണ്ടായിരുന്നെന്നും അതിന്റെ ഭാഗമായാണ് സമര്‍പ്പണമെന്നുമാണ് സുരേഷ്‌ഗോപി അറിയിച്ചത്. ജില്ലയിലെ ബി.ജെ.പി പ്രവർത്തകർ ഉൾപ്പെടെയുള്ളവരും പള്ളിയിൽ എത്തിയിരുന്നു.
കിരീടം താഴെ വീണതോടെ സുരേഷ് ഗോപിക്കെതിരെ രൂക്ഷ പരിഹാസമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. ബി.ജെ.പി നേതാവിന്റെ കാപട്യം മാതാവ് തിരിച്ചറിഞ്ഞെന്നാണ് പലരുടെയും പ്രതികരണം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായുള്ള നാടകമാണിതെന്നും മണിപ്പൂരിലെ രക്തക്കറയിൽ മാതാവിന്റെ പ്രതികരണമാണെന്നുമെല്ലാം ആക്ഷേപമുയർന്നു. സുരേഷ് ഗോപിയുടെ ജന്മനാട്ടിലോ വളർന്ന നാട്ടിലോ പുണ്യാളന്മാർക്കൊന്നും സ്വർണ കിരീടം ചേരില്ലേയെന്നും ചോദ്യങ്ങളുയർന്നു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബുധനാഴ്ച ഗുരുവായൂരില്‍ വെച്ചാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയും ബിസിനസുകാരനുമായ ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹം. ഗുരുവായൂരിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അന്ന് രാവിലെ ഏഴിനും ഒമ്പതിനും ഇടയിൽ ഗുരുവായൂരിൽ നടക്കേണ്ട വിവാഹങ്ങൾ മാറ്റിയത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. സുരേഷ് ഗോപി–രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ.