കൊച്ചി: ദ്വിദിന സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിച്ചു. തുടർന്ന് പ്രത്യേക ഹെലികോപ്റ്ററിൽ നാവികസേന ആസ്ഥാനത്തെത്തി. കൊച്ചി കെ.പി.സി.സി ജങ്ഷനിൽ നിന്ന് റോഡ്ഷോ തുടങ്ങി.
വിവിധ പദ്ധതി ഉദ്ഘാടനങ്ങൾക്കും പൊതു, സ്വകാര്യ പരിപാടികളിൽ പങ്കെടുക്കുന്നതിനുമായാണ് മോദി കേരളത്തിലെത്തിയത്. ഇന്നും നാളെയും കൊച്ചി, തൃശൂർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.ഇന്ന് വൈകീട്ട് അഞ്ചിന് എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ആറിന് കൊച്ചി നഗരത്തിൽ സംഘടിപ്പിക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ, ഒരുമണിക്കൂറിലേറെ വൈകിയാണ് പ്രധാനമന്ത്രി എത്തിയത്.
ബുധനാഴ്ച രാവിലെ ഏഴിന് ഹെലികോപ്ടറിൽ ഗുരുവായൂരിലേക്ക് പോകുന്ന നരേന്ദ്ര മോദി 7.20 ന് ശ്രീകൃഷ്ണ കോളജിലെ ഹെലിപാഡിൽ ഇറങ്ങും. 7.30 ന് ശ്രീവത്സം ഗെസ്റ്റ് ഹൗസിൽ എത്തും. 7.45 ന് ക്ഷേത്ര ദർശനം. ദർശനത്തിന് ശേഷം ശ്രീവത്സത്തിലേക്ക് മടങ്ങും.8.45 ന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷേത്രനടയിലെ കല്യാണ മണ്ഡപത്തിലെത്തും. തുടർന്ന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിലെത്തി തൃപ്രയാർ ക്ഷേത്രത്തിലേക്ക് പറക്കും. 10.30ന് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും പൂജയും ദർശനവും നടത്തും.
തുടർന്ന് കൊച്ചിയിൽ തിരിച്ചെത്തി കൊച്ചിൻ ഷിപ്പ്യാർഡിലെ (സി.എസ്.എൽ) പുതിയ ഡ്രൈ ഡോക്ക് (എൻ.ഡി.ഡി), കപ്പൽ അറ്റകുറ്റപ്പണിക്കായുള്ള അന്താരാഷ്ട്ര കേന്ദ്രം (ഐ.എസ്.ആർ.എഫ്), പുതുവൈപ്പിനിലെ ഐ.ഒ.സിയുടെ എൽ.പി.ജി ഇറക്കുമതി ടെർമിനൽ എന്നിവ ഉദ്ഘാടനം ചെയ്യും. നാളെ ഉച്ചക്ക് 12ന് വിലിങ്ടൺ ഐലൻഡിലാണ് പരിപാടി നടക്കുക. ഉച്ചക്കുശേഷം എറണാകുളം മറൈൻഡ്രൈവിൽ ബി.ജെ.പിയുടെ ബൂത്ത്തല സംഘടന ശാക്തീകരണ സമിതിയായ ശക്തികേന്ദ്രയുടെ ചുമതലക്കാരെ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ശേഷം ഡൽഹിക്ക് മടങ്ങും.
പ്രധാനമന്ത്രി ദർശനത്തിനെത്തുമ്പോൾ ഗുരുവായൂർ ക്ഷേത്രത്തിനകത്തും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഡ്യൂട്ടിയിലുള്ള അവശ്യം വേണ്ട ജീവനക്കാർ, ചുമതലകളുള്ള പാരമ്പര്യ പ്രവൃത്തിക്കാർ എന്നിവർക്ക് മാത്രമാണ് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനം. ഇവരുടെ പട്ടിക തയാറാക്കി ആർ.ടി.പി.സി.ആർ പരിശോധന നടത്തി. വിവിധ ഭാഗങ്ങളിൽ നിന്നുള്ള പൊലീസ് ഗുരുവായൂരിലെത്താൻ തുടങ്ങിയതോടെ പാർക്കിങ് ഗ്രൗണ്ടുകളിൽ പൊലീസ് വാഹനങ്ങൾ നിറഞ്ഞു.
ഇന്നർ റിങ് റോഡിൽ തിങ്കളാഴ്ച വൈകീട്ട് ഗതാഗത ക്രമീകരണം ഉണ്ടായിരുന്നു. പരിശോധനകൾക്കായി ഡോഗ് സ്ക്വാഡിലെ കൂടുതൽ നായ്ക്കളെ ഗുരുവായൂരിലെത്തിച്ചിട്ടുണ്ട്. 4000 പൊലീസുകാരെയാണ് സുരക്ഷ ചുമതലകൾക്കായി നിയോഗിക്കുന്നത്.