കൊച്ചി : ഇ ബുള്‍ ജെറ്റ് വ്ളോഗര്‍മാരുടെ വാഹനമായ നെപ്പോളിയന്‍റെ അനധികൃതമായ മുഴുവന്‍ രൂപമാറ്റങ്ങളും നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവ്. ചട്ടവിരുദ്ധമായ മുഴുവന്‍ മാറ്റങ്ങളും അത് ചെയ്യിച്ച വര്‍ക് ഷോപ്പില്‍ കൊണ്ടുപോയി മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ സാന്നിധ്യത്തില്‍ നീക്കണമെന്നാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. വാഹനം നിയമാനുസൃതമായ രീതിയില്‍ തിരികെ കൊണ്ടുവന്ന് പൊലീസ് സ്റ്റേഷനില്‍ സൂക്ഷിക്കണമെന്നും ഉത്തരവ് വിശദമാക്കുന്നു. ഉടമയുടെ സ്വന്തം ചെലവിലാണ് രൂപമാറ്റങ്ങള്‍ നീക്കേണ്ടത്. 12 ലക്ഷം രൂപയ്ക്ക് തുല്യമായ ബോണ്ടും സമര്‍പ്പിക്കണം. ഈ ആവശ്യത്തിനല്ലാതെ വാഹനം റോഡില്‍ ഇറക്കരുതെന്നും കോടതി ഉത്തവ് വ്യക്തമാക്കുന്നു.
ആറ് മാസത്തേക്ക് താല്‍ക്കാലികമായി റദ്ദാക്കിയ റജിസ്ട്രേഷന്‍ സ്ഥിരമായി നഷ്ടമാകാതിരിക്കാന്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പിനെതിരെ എബിന്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷന്‍ മോർട്ടോർവാഹന വകുപ്പ് നേരത്തെ റദ്ദാക്കിയിരുന്നു. വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്‌ളോഗര്‍ സഹോദരന്മാരായ എബിനും ലിബിനും മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തിൽ, ഇവര്‍ നല്‍കിയ വിശദീകരണം തൃപ്‍തികരമല്ലാത്തതിനാലായിരുന്നു രജിസ്ട്രേഷൻ റദ്ദാക്കിക്കൊണ്ടുള്ള എംവിഡിയുടെ നടപടി.
ഓഗസ്റ്റ് ഒമ്പതിന് കണ്ണൂർ ആർടി ഓഫീസിൽ എത്തി ബഹളം വെയ്ക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം നിൽക്കുകയും ചെയ്‍ത കേസില്‍ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ അറസ്റ്റിലായിരുന്നു. റിമാൻഡിലായതിന്‍റെ പിറ്റേ ദിവസം മജിസ്ട്രേറ്റ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നു. നിരത്തുകളിലെ മറ്റ് വാഹനങ്ങള്‍ക്ക് പോലും ഭീഷണിയാകുന്ന തരത്തിലുള്ള ലൈറ്റുകളും ഹോണുകളുമാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളതെന്നാണ് മോട്ടോര്‍വാഹന വകുപ്പ് വ്യക്തമാക്കിയത്. നേരത്തെ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ മജിസ്ട്രേറ്റ് കോടതിയിൽ ഇവർ ഏഴായിരം രൂപ കെട്ടിവെച്ചിരുന്നു. പത്ത് വകുപ്പുകളാണ് കണ്ണൂർ ടൗണ്‍ പൊലീസ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.