തൃശൂർ: ഹൈറിച്ച് ഓൺലൈൻ ഷോപ്പി എം.ഡി കെ.ഡി. പ്രതാപന്‍, ഭാര്യയും കമ്പനി സി.ഇ.ഒയുമായ ശ്രീന പ്രതാപന്‍ എന്നിവരുടെ 212 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് വഴി നൂറുകോടിയുടെ കള്ളപ്പണമിടപാട് നടന്നെന്നാണ് ഇ.ഡിയുടെ നിഗമനം. ക്രിപ്റ്റോ കറൻസി വഴി പ്രതികൾ 850 കോടി രൂപ തട്ടിയെടുത്തെന്നും ഇ.ഡി കണ്ടെത്തി.
കേസിൽ മുൻകൂർ ജാമ്യം തേടി പ്രതികൾ കലൂരിലെ പ്രത്യേക കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഹരജി കോടതി ഈ മാസം 30ന് പരിഗണിക്കാൻ മാറ്റി. ഈ സാഹചര്യത്തിലാണ് ഇഡിയുടെ നടപടി. ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ മറവിൽ ഉടമകൾ 2300 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് ഇ.ഡിയുടെ നിഗമനം.
തൃശൂർ ആസ്ഥാനമായ ‘ഹൈറിച്ച്’ കമ്പനി 1630 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് നേരത്തെ ചേർപ്പ് പൊലീസ് തൃശൂർ കോടതിയിൽ നൽകിയ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. ഓൺലൈൻ ഷോപ്പിങ്ങിന്റെ മറവിൽ മണിച്ചെയിൻ തട്ടിപ്പാണ് നടത്തിയതെന്നാണ് പൊലീസ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നത്. ഇത് കേരളം കണ്ട ഏറ്റവും വലിയ മണിച്ചെയിൻ തട്ടിപ്പാകാൻ സാധ്യതയുണ്ടെന്നും ക്രിപ്റ്റോകറൻസി ഇടപാടടക്കം നിരവധി അനുബന്ധസ്ഥാപനങ്ങളും കമ്പനിക്കുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ കണിമംഗലം വലിയാലുക്കലിലെ പ്രതാപന്റെ വീട്ടിലും ചേർപ്പ് വല്ലച്ചിറ ഞെരുവിശേരിയിലെ ഹൈ റിച്ച് കമ്പനി ആസ്ഥാനത്തും ഇ.ഡി റെയ്ഡിനെത്തിയിരുന്നു. അതീവ രഹസ്യമായാണു റെയ്ഡ് ആസൂത്രണം ചെയ്തതെങ്കിലും വിവരം ചോർന്നു. ഇതോടെ ഇ.ഡി ഉദ്യോഗസ്ഥർ പരിശോധനക്കെത്തുന്നതിന് തൊട്ടുമുമ്പ് ഇരുവരും ഡ്രൈവർക്കൊപ്പം മുങ്ങുകയായിരുന്നു.