കോഴിക്കോട്; ഇന്ത്യൻ ഭൂപടം വികലമാക്കിയതിനെതിരെ പ്രതിഷേധിച്ചതിന് സംഘപരിവാർ അനുകൂലികൾ മർദിച്ച വിദ്യാർഥിയെ എൻഐടി സസ്‌പെൻഡ് ചെയ്‌തു. ബിടെക് വിദ്യാർഥി വൈശാഖിനെയാണ് ഒരുവർഷത്തേക്ക് സസ്‌പെൻഡ് ചെയ്‌തത്. മർദിച്ചവർക്കെതിരെ നടപടിയൊന്നുമില്ല. 2025 ജനുവരി 30 വരെയാണ് സസ്‌പെൻഷൻ.അയോധ്യ പ്രാണപ്രതിഷ്‌ഠ ചടങ്ങിന്റെ ഭാഗമായി കഴിഞ്ഞ 22ന് സോഷ്യൽ ആൻഡ് സ്പിരിച്വൽ (എസ്‌എൻഎസ്) ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ ഭൂപടത്തിൽ അമ്പും വില്ലും വരച്ച് ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ചിരുന്നു. ഇതിനെതിരെയായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. ‘ഇന്ത്യ രാമരാജ്യമല്ല’ എന്ന പ്ലക്കാർഡുയർത്തിയ വിദ്യാർഥിയെ എസ്‌എൻഎസുകാർ മർദിച്ചതോടെ കൂടുതൽപേർ പ്രതിഷേധിച്ചു.
ആക്രമിച്ചവരെ പിരിച്ചുവിടാനോ പോസ്റ്റർ നീക്കംചെയ്യാനോ എൻഐടി അധികൃതർ തയ്യാറായിരുന്നില്ല. പ്രതിഷേധിച്ച രണ്ട് വിദ്യാർഥികൾക്കാണ് മർദനമേറ്റത്.