തിരുവല്ല : സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നും എന്നാല്‍ അതിന്റെ പേരില്‍ താനും കുടുംബവും എങ്ങോട്ടും ഒളിച്ചോടില്ലെന്നും നിക്ഷേപകരുടെ ആരുടേയും പണം നഷ്ടപ്പെടില്ലെന്നും നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമയും കേരളാ കോൺഗ്രസ് (എം) സംസ്ഥാന ട്രഷററും ഉന്നതാധികാര സമിതിയംഗവുമായ എൻ.എം. രാജു നെടുംപറമ്പില്‍ പറഞ്ഞു. ഇത് സംബന്ധിച്ചുവന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ജില്ലകളിലായി നിരവധി ശാഖകളുള്ള സ്ഥാപനമാണ് NCS. ഇതിലെ ഒരു നിക്ഷേപകന്റെ പരാതിയില്‍ ഇലവുംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തുവെന്നത് ശരിയാണ്. പരാതി ലഭിച്ചാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യും. അത് സ്വാഭാവികമായ നടപടിയുടെ ഭാഗമാണ്. സാമ്പത്തിക പ്രതിസന്ധി കോവിഡ് കാലത്ത് ബാധിച്ചതാണ്. തന്റെ സ്ഥാപനങ്ങള്‍ക്ക് മാത്രമല്ല എല്ലാ ധനകാര്യ സ്ഥാപനങ്ങളേയും സാമ്പത്തിക പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. പല സ്ഥാപനങ്ങളും അടച്ചുപൂട്ടിയിട്ടുണ്ട്. ചിലര്‍ നാടുവിടുകയും ചെയ്തിട്ടുണ്ട്. നാല് പതിറ്റാണ്ടിലേറെയായി താന്‍ സജീവ രാഷ്ട്രീയത്തിലുണ്ട്. കൂടാതെ വ്യാപാര വ്യവസായ മേഖലയിലും പൊതുരംഗത്തും സജീവമാണ്. അതുകൊണ്ടുതന്നെ പ്രതിസന്ധികളില്‍ നിന്ന് ഒളിച്ചോടുവാന്‍ തനിക്ക് കഴിയില്ല. പ്രതിസന്ധികളെ തരണംചെയ്തുകൊണ്ട് മുമ്പോട്ടു പോകുവാനാണ് തന്റെയും കുടുംബത്തിന്റെയും തീരുമാനമെന്നും എന്‍.എം.രാജു നെടുംപറമ്പില്‍ പറഞ്ഞു.
നിക്ഷേപമായി ലഭിച്ച പണം ബിസിനസ് മേഖലയിലേക്കാണ് ഉപയോഗിച്ചത്. വ്യാപാര മേഖല കടുത്ത മാന്ദ്യത്തിലായതിനാല്‍ ഇവിടെയും നഷ്ടമുണ്ടായി. ഇതോടൊപ്പം അപ്രതീക്ഷിതമായി ചില വലിയ നിക്ഷേപങ്ങള്‍ മടക്കിനല്‍കേണ്ടി വന്നു. തന്റെ സ്ഥാപനത്തിലെ നിക്ഷേപങ്ങള്‍ പിന്‍വലിപ്പിക്കുവാന്‍ ചില ബാഹ്യശക്തികള്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഇതോടെ കൂടുതല്‍ നിക്ഷേപകര്‍ പണം ആവശ്യപ്പെട്ടു. ഇത്തരം ഒരു സാഹചര്യത്തില്‍ തനിക്കെന്നല്ല ആര്‍ക്കും പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. നിക്ഷേപകരും ജീവനക്കാരും മാനേജ്മെന്റ് ഉം ഒന്നിച്ചുനീങ്ങിയാല്‍ ഇപ്പോഴുള്ള പ്രതിസന്ധി മറികടക്കുവാന്‍ കഴിയും. നിക്ഷേപകര്‍ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. ആരുടേയും പണം നഷ്ടപ്പെടില്ല. ഫൈനാന്‍സ് മേഖലയില്‍ മാത്രമല്ല ഓട്ടോമൊബൈല്‍ രംഗത്തും (ടാറ്റാ, കിയ), വസ്ത്രവ്യാപാര രംഗത്തും (വസ്ത്രം കോട്ടയം,തിരുവല്ല) നെടുംപറമ്പില്‍ ഗ്രൂപ്പ് NCS എന്നപേരില്‍ സജീവമാണ്. NCS ന്റെ വിവിധ സ്ഥാപനങ്ങളിലായി നൂറുകണക്കിന് ജീവനക്കാരാണ് ജോലിചെയ്യുന്നത്. സ്ഥാപനങ്ങള്‍ സുഗമമായി പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കര കയറുവാന്‍ കഴിയൂ. ഇതിന് നിക്ഷേപകരുടെ പൂര്‍ണ്ണമായ സഹകരണം കൂടിയേ തീരൂ. കോടതിയും കേസുമായി നിക്ഷേപകരെ ബുദ്ധിമുട്ടിക്കാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. പണം ആരുടെയാണെങ്കിലും അത് അദ്ധ്വാനിച്ചുണ്ടാക്കിയതാണ്. അതുകൊണ്ടുതന്നെ നിക്ഷേപകരുടെ ആരുടേയും പണം നഷ്ടപ്പെടുവാന്‍ പാടില്ലെന്നും നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമയും കേരളാ കോൺഗ്രസ് (എം) സംസ്ഥാന ട്രഷററും ഉന്നതാധികാര സമിതിയംഗവുമായ എൻ.എം. രാജു നെടുംപറമ്പില്‍ പറഞ്ഞു.