കൊച്ചി: സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണ പദ്ധതിയുടെ ഭാഗമായി ജനുവരിയിൽ ചെലവായ തുക ഫെബ്രുവരി 24നകം അനുവദിക്കുമെന്ന് സർക്കാർ ഹൈകോടതിയിൽ. ആവശ്യമായ രേഖകൾ സമർപ്പിക്കുന്ന മുറക്ക് തുക അധ്യാപകർക്ക് കൈമാറും. പ്രധാനാധ്യാപകർ ചെലവാക്കിയ തുക അനുവദിക്കുക, ഉച്ചഭക്ഷണ പദ്ധതിയുടെ കൃത്യമായ ചെലവ് നിശ്ചയിച്ച് തുക മുൻകൂർ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ, കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ തുടങ്ങിയവരടക്കം സമർപ്പിച്ച ഹരജികളിലാണ് സർക്കാറിന്‍റെ വിശദീകരണം.
തുക കൃത്യമായി വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തരുതെന്ന് നിർദേശിച്ച ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് സർക്കാർ വിശദീകരണം രേഖപ്പെടുത്തി. ഹരജി 26ന് വീണ്ടും പരിഗണിക്കും. ഉച്ചഭക്ഷണ പദ്ധതിക്കായി 54.60 കോടി രൂപ അടുത്തിടെ അനുവദിച്ചതായി ഗവൺമെന്റ് പ്ലീഡർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു