മാരാരിക്കുളം: വാഹനാപകടത്തിൽ മരിച്ച മഹിളാ കോൺഗ്രസ് നേതാവിന്റെ കുടുംബത്തിന് വീടൊരുക്കി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ ശ്രീലത ബാബുവിന്റെ കുടുംബത്തിനാണ് വീടൊരുക്കി നൽകിയത്. 2019 ഏപ്രിൽ നാലാം തീയതി മാരാരിക്കുളം കളത്തട്ട് ജംഗ്ഷനിൽ നടന്ന വാഹന അപകടത്തിലാണ് ശ്രീലത ബാബു മരണപ്പെട്ടത്.
2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.എൽ.എ ആയിരുന്ന ശ്രീലത ബാബു കോൺഗ്രസ് സംഘടിപ്പിച്ച പോളിംഗ് ഏജന്റ്മാരുടെ ക്ലാസിൽ പങ്കെടുക്കുവാൻ ഭർത്താവ് ബാബുവുമായി ബൈക്കിൽ എത്തുമ്പോഴാണ് എതിരെ വന്ന വാഹനം ഇടിച്ച് അപകടം ഉണ്ടാകുന്നത്.ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബാബുവിനും പരിക്ക് പറ്റിയിരുന്നു. വാടകവീട്ടിൽ താമസിച്ചിരുന്ന ശ്രീലതയുടെ കുടുംബത്തിന് വീട് വെച്ച് നൽകും എന്ന് എ. ഐ.സി.സി.ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എം.പി പറഞ്ഞിരുന്നു.
സ്ഥലം വാങ്ങുന്നതിൽ വന്ന താമസമാണ് വീട് നിർമ്മാണം നീണ്ടുപോയത്. 900 സ്ക്വയർഫീറ്റിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ വീടാണ് നിർമ്മിച്ചിരിക്കുന്നത്.തയ്യൽക്കാരനാണ് ശ്രീലതയുടെ ഭർത്താവ് ബാബു. ബി.എസ്.സി നേഴ്സിങ് പഠനം പൂർത്തീകരിച്ച ശ്രീലക്ഷ്മിയും ബികോമിന് പഠിക്കുന്ന ശ്രീപാർവതിയും മക്കളാണ്. ഇരുപത്തിനാലാം തീയതി രാവിലെ 11. 30നാണ് വീടിന്‍റെ താക്കോൽദാനം. എസ്. എൽ. പുരം അളപ്പന്തറ പുരയിടത്തിൽ നടക്കുന്ന ചടങ്ങിൽ കെ.സി വേണുഗോപാൽ. എം.പി. താക്കോൽ കുടുംബത്തിന് കൈമാറും. മാരാരിക്കുളം വടക്ക് പത്താം വാർഡ് മെമ്പർ അളപ്പന്തറ രവി യാണ് നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.