ദില്ലി : ഗൂഢാലോചനക്കേസിൽ ദിലീപിന് ജാമ്യം നൽകിയ ഹൈക്കോടതി കോടതി വിധിക്കെതിരെ പ്രോസിക്യൂഷൻ സുപ്രിംകോടതിയിലേക്ക്. ഇന്ന് തന്നെ പ്രോസിക്യൂഷൻ സുപ്രിംകോടതിയിൽ അപ്പീൽ നൽകിയേക്കും. കേസിലെ വാദം നടക്കുന്ന ഘട്ടത്തിൽ, ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ച ഘട്ടങ്ങളിൽ അതത് അന്വേഷണ ഉദ്യോഗസ്ഥർ സുപ്രിംകോടതിയെ സമീപിച്ചിരുന്നു എന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ഉപാധികളോടെയാണ് ദിലീപിനും മറ്റ് പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് പി ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്. കേസിന്റെ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി.
നിലവിലെ സാഹചര്യത്തില്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി. ദിലീപിനെക്കൂടാതെ, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടിഎന്‍ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളാണ് ജസ്റ്റിസ് പി ഗോപിനാഥ് പരിഗണിച്ചത്. ദിലീപിന്റെയും സഹോദരന്റെയും വീടിനു സമീപം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എത്തിയിയിരുന്നു.