കോട്ടയം : മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. ഇന്നു രാവിലെയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് വാവ സുരേഷിനെ ഡിസ്ചാര്‍ജ് ചെയ്തത്. രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നു ആരോഗ്യനില പരിശോധിച്ച ശേഷമാണു ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്. മന്ത്രി വി.എന്‍.വാസവന് ഉള്‍പ്പെടെ എത്തിയാണ് വാവ സുരേഷിനെ വീട്ടിലേക്ക് യാത്രയാക്കിയത്. തനിക്കിത് രണ്ടാം ജന്മമാണെന്നു വാവ സുരേഷ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്ന പനി പൂര്‍ണമായും മാറി. ആരോഗ്യം മെച്ചപ്പെട്ടു. ചെറിയ ശരീര വേദന ഒഴികെ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നാണ് സുരേഷ് പറയുന്നത്. പാമ്പു കടിച്ച കാലിലെ തുടയുടെ ഭാഗത്ത് മുറിവ് അല്പം കൂടി ഉണങ്ങാനുണ്ട്.
ഇതിനുള്ള ആന്റിബയോട്ടിക് മരുന്നു മാത്രമാണ് നിലവില്‍ നല്‍കുന്നത്. നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഉറക്കം ശരിയായ വിധത്തിലുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാറും ഡപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാറും പറഞ്ഞു. 10 ദിവസമെങ്കിലും പൂര്‍ണവിശ്രമം വേണം. വാവ സുരേഷുമായി മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ സംസാരിച്ചിരുന്നു. തോമസ് ചാഴികാടന് എംപി, മോന്‍സ് ജോസഫ് എംഎല്‍എ എന്നിവര്‍ ഇന്നലെ വാവ സുരേഷിനെ സന്ദര്‍ശിച്ചു. സുരേഷിന് വീട് നിര്‍മിച്ചു നല്കുവാന് ചെന്നൈയിലെ ഹോട്ടല്‍ ബിസിനസ് ഗ്രൂപ്പ് മേധാവി സന്നദ്ധത അറിയിച്ചിട്ടുണ്ട്.