തിരുവനന്തപുരം : സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ ഫലമായാണ് ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പു വച്ചതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സര്‍ക്കാരിന്റെ നിയമവിരുദ്ധ നിലപാടുകള്‍ക്ക് ഗവര്‍ണര്‍ കുട പിടിച്ചു. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരുണ്ട്. ഓര്‍ഡിനന്‍സ് റദ്ദാക്കാന്‍ നിയമവഴികള്‍ തേടുമെന്നും വി.ഡി.സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചതോടെ കേരളത്തിലെ അഴിമതി വിരുദ്ധ സംവിധാനം ഇല്ലാതായെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. ഈ നടപടി വ്യാപകമായി അഴിമതി നടത്താനുള്ള പ്രോത്സാഹനവും പച്ചക്കൊടിയുമായി മാറും. ലോകായുക്തയില്‍ ഇരിക്കുന്ന കേസിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് ഇനി ഭയം വേണ്ട. ലോകായുക്ത കുരയ്ക്കുകയേ ഉള്ളൂ കടിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പാക്കി.
അഴിമതി വിരുദ്ധ സംവിധാനം ഇല്ലാതാക്കി അഴിമതിക്കു വെള്ളവും വളവും കൊടുത്ത മുഖ്യമന്ത്രിയായിട്ടാകും പിണറായി വിജയന്‍ ഇനി അറിയപ്പെടുക. പല വിഷയങ്ങളിലും സര്‍ക്കാരുമായി ആദ്യം വിയോജിക്കുന്ന ഗവര്‍ണര്‍ പിന്നീട് സര്‍ക്കാര്‍ നടപടികള്‍ അംഗീകരിക്കുകയാണ്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടനിലക്കാര്‍ ഉണ്ടെന്ന് പ്രതിപക്ഷം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇടനിലക്കാര്‍ ആരാണെന്ന് വഴിയേ വ്യക്തമാകും. ക്രമവിരുദ്ധമായ കാര്യങ്ങള്‍ സര്‍ക്കാര്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ ചെയ്യിച്ചു എന്നു ഗവര്‍ണര്‍ പറഞ്ഞിട്ടും വൈസ് ചാന്‍സലര്‍ ഇപ്പോഴും ആ സ്ഥാനത്ത് തുടരുകയാണ്. ബിജെപി സംസ്ഥാന കമ്മിറ്റി അംഗത്തെ പഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കാനുള്ള ഫയല്‍ രാജ് ഭവനില്‍നിന്ന് സര്‍ക്കാരിന്റെ അംഗീകാരത്തിനായി അയച്ച ഘട്ടത്തില്‍ ഇതൊരു കൊടുക്കല്‍ വാങ്ങലാണെന്ന് കരുതേണ്ടിയിരിക്കുന്നു.
നിയമസഭ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പറയാന്‍ സര്‍ക്കാരിന് അധികാരമില്ല. കോടതിക്കു മാത്രമേ അതിന് അധികാരമുള്ളൂ എന്നു ഗവര്‍ണര്‍ക്കു മുന്‍പില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രിയുടെ കേസ് വന്നപ്പോഴാണ് ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടു വന്നത്. രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ചാല്‍ അത് കിട്ടില്ലെന്ന് ഉറപ്പായതിനാലാണ് അയയ്ക്കാത്തത്. എല്‍ഡിഎഫിന്റെ അഴിമതി വിരുദ്ധ മുഖത്തിനെതിരെ തുറിച്ചു നോക്കുന്നതാണ് ഓര്‍ഡിനന്‍സെന്ന് സിപിഐ പറഞ്ഞിട്ടുണ്ട്. എന്ത് ധൃതിയാണ് ഈ ഓര്‍ഡിനന്‍സ് ഇറക്കാന്‍ പ്രേരിപ്പിച്ചതെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. നിസമസഭാ സമ്മേളനം വൈകിപ്പിച്ച് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത് സഭയോടുള്ള അവഹേളനമാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു.