തിരുവനന്തപുരം> ഡ്രൈവിങ് ടെസ്‌റ്റിന് ഗ്രൗണ്ട് കണ്ടെത്താൻ ആർടിഒ, ജോയിന്റ് ആർടിഒമാർക്ക് ട്രാൻസ്‌പോർട്ട് കമീഷണർ നിർദേശം നൽകി. 15നകം സ്ഥലം കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കണം. 86 ഗ്രൗണ്ടിൽ ടെസ്റ്റ് നടക്കുന്നുണ്ടെങ്കിലും എൺപതിടങ്ങളിലും സ്വകാര്യഗ്രൗണ്ടുകളാണ്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി ഒമ്പത് ഗ്രൗണ്ട് ഉണ്ടെങ്കിലും ആറെണ്ണത്തിൽ മാത്രമാണ് ടെസ്റ്റ് നടക്കുന്നത്.
സർക്കാരിന്റെയോ തദ്ദേശസ്ഥാപനങ്ങളുടെയോ സ്ഥലം കിട്ടുമോ എന്ന് ആദ്യഘട്ടത്തിൽ പരിഗണിക്കണം. ഇത് ലഭിക്കാത്തിടത്തു മാത്രമേ സ്വകാര്യ ഗ്രൗണ്ടുകൾ അന്വേഷിക്കേണ്ടതുള്ളൂവെന്നും സർക്കുലറിൽ പറയുന്നു. ശുചിമുറി, കുടിവെള്ളം എന്നിവയും ഒരുക്കണം. ടെസ്റ്റിനും മറ്റ് സൗകര്യങ്ങൾക്കുമായി 15 സെന്റ് സ്ഥലം എങ്കിലും വേണ്ടി വരും.
മെയ് ഒന്നുമുതൽ ലൈറ്റ് മോട്ടോർ വെഹിക്കിൾ ടെസ്റ്റിൽ (എൽഎംവി) മാറ്റം വരുത്തിയതിനാൽ ഗ്രൗണ്ട് സജ്ജീകരിക്കണം. ഇതിനായി ചെലവ് ആവശ്യമാണ്. ഇത് ആര് വഹിക്കുമെന്ന തർക്കം നിലവിലുണ്ട്. പണം മുടക്കാൻ തയ്യാറല്ലെന്ന് ഡ്രൈവിങ് സ്‌കൂൾ ഉടമകൾ ഗതാഗത കമീഷണറെ അറിയിച്ചിട്ടുണ്ട്. ഡ്രൈവിങ് സ്‌കൂളുകാർ പങ്കിട്ടാണ് ഗ്രൗണ്ടുകൾക്കുള്ള വാടക നൽകുന്നത്. 10,000 മുതൽ ഒരുലക്ഷംവരെ വാടക നൽകുന്ന ഗ്രൗണ്ടുകളുണ്ട്. ഇതിനായി 60 ലക്ഷം രൂപ ചെലവ് വരുന്നുണ്ടെന്ന് ഡ്രൈവിങ് സ്‌കൂൾ വർക്കേഴ്‌സ് യൂണിയൻ പറയുന്നു