തൃശൂർ: ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായി തുടരണമോ വേണ്ടയോ എന്നതാണ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രധാന ചോദ്യമെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. ചാതുർവർണ്യത്തിൽ അധിഷ്‌ഠിതമായ ഹിന്ദു രാഷ്‌ട്രമാണ് ഹിന്ദുത്വരാഷ്‌ട്രീയം ലക്ഷ്യമിടുന്നത്. ഇത്രയും അപകടകരമായ ഒരു സാഹചര്യം മുൻകാലങ്ങളിൽ രാജ്യം ദർശിച്ചിട്ടില്ല. സവർണഹിന്ദുരാഷ്ട്ര നിർമിതിയെ ചെറുക്കാൻ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂ. എൽഡിഎഫ് തൃശൂർ ലോക്‌സഭാ കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്ര ഹിന്ദുഭരണത്തിൽ ഹിന്ദുക്കൾക്കുപോലും രക്ഷയില്ലെന്ന് കൊച്ചി, തിരുവിതാംകൂർ രാജഭരണകാലത്തെ ചരിത്രം നമുക്ക് കാണിച്ചുതന്നതാണ്. അന്ന് നമ്മൾ കേവലം പ്രജകളായിരുന്നു. ആയിരക്കണക്കിനുപേർ ജീവത്യാഗം ചെയ്‌ത് നേടിയെടുത്ത രാജ്യസ്വാതന്ത്ര്യം നമ്മെ പൗരന്മാരാക്കി മാറ്റി. ഇന്ന് തൃശൂരിൽ മത്സരിക്കുന്ന ഒരു സ്ഥാനാർഥി ജനങ്ങളെ അഭിസംബോധന ചെയ്‌തത് പ്രജകളെന്നാണ്. ഭരണഘടനയെ നോക്കുകുത്തിയാക്കി ജനങ്ങളെ വീണ്ടും പ്രജകളാക്കുമെന്ന ഭീഷണി മറികടക്കാൻ ഇന്ത്യയിലെ സമ്മതിദായകർക്ക് ലഭിക്കുന്ന അവസരമാണ് ഈ തെരഞ്ഞെടുപ്പ്.
രാജ്യത്തെ മതാധിപത്യത്തിലേക്ക് തള്ളിവിട്ട് പ്രതിസന്ധിയിലാക്കാനുള്ള നീക്കം എന്ത് വിലകൊടുത്തും ചെറുക്കണം. അതിന് ഇടതുപക്ഷത്തിനേ കഴിയൂ. പാരമ്പര്യം അവകാശപ്പെടുന്ന കോൺഗ്രസിന്റെ അവസ്ഥ എന്താണെന്ന് എല്ലാവർക്കും അറിയാം. നാളെ എന്താകുമെന്ന് ആർക്കും അറിയുകയുമില്ല. അതുകൊണ്ട് ഇടതുപക്ഷത്തിന്റെ ആശയം പാർലമെന്റിൽ അലയടിക്കേണ്ടത് ഭാവിതലമുറയുടെകൂടി ആവശ്യമാണ്.
ഒരു മതത്തിന്റെ ആധിപത്യം ഇന്ത്യയിൽ ചോരപ്പുഴകൾ ഒഴുക്കും. വലിയ കലാപങ്ങളിലേക്ക് നയിക്കും. അത് ഇന്ത്യയെ ശിഥിലീകരിക്കും. ജാതിമത ഗ്രോത്ര ഭാഷകൾക്ക് അതീതമായി എല്ലാവർക്കും തുല്യ അവകാശം ഉണ്ടാകണം. അതിന്റെ അടിസ്ഥാനമാണ് നമ്മുടെ ഭരണഘടന. ഇന്ന് ഇന്ത്യൻ ജനത ജാഗ്രത കാണിച്ചില്ലെങ്കിൽ ആ ഭരണഘടന തകർക്കപ്പെടും. ഇന്ത്യൻ ജനതയുടെ നിലനിൽപ്പിന് അടിസ്ഥാനമായ ജനാധിപത്യത്തിനും മതനിരപേക്ഷതയ്‌ക്കുംവേണ്ടി പാർലമെന്റിൽ പ്രതിരോധം തീർക്കാൻ ശക്തമായ ഇടതുപക്ഷ സാന്നിധ്യം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.