കൊച്ചി : മുൻകൂർ ജാമ്യാപേക്ഷയിലെ അനുകൂല വിധിക്ക് പിന്നാലെ ദിലീപ് അഭിഭാഷകനായ രാമൻ പിള്ളയുമായി കൂടിക്കാഴ്ച നടത്തി. ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരാണ് അഭിഭാഷകരെ കണ്ടത്. അഭിഭാഷകനുമായി ഒരു മണിക്കൂറിലധികം നീണ്ടുനിന്ന ചർച്ചയ്ക്ക് ശേഷം സുഹൃത്ത് ശരത്തിനൊപ്പം ദിലീപ് മടങ്ങി. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു കൂടിക്കാഴ്ച. കേസുമായി ബന്ധപ്പെട്ട വാദങ്ങൾ, എഫ്ഐആർ റദ്ദാക്കൽ തുടങ്ങിയ വിഷയങ്ങളെല്ലാം കൂടിക്കാഴ്ചയിൽ ചർച്ചയായതാണ് വിവരം. കേസ് പരിഗണിക്കുന്ന സമയത്തും സമാന രീതിയിൽ രണ്ടു മണിക്കൂറോളം ദിലീപ് അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദിലീപ് വന്നത് അദ്ദേഹത്തിന്റെ വാഹനത്തിലായിരുന്നു. എന്നാൽ തിരിച്ചു പോയത് സുഹൃത്ത് ശരത്തിന്റെ വാഹനത്തിലാണ്. വിധിക്ക് ശേഷം ദിലീപ് പരസ്യ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
അതേസമയം വധശ്രമ ഗൂഡാലോചനാ കേസിൽ ദിലീപ് ഉൾപ്പെടെ മൂന്ന് പ്രതികളുടെ ശബ്ദ സാംപിളുകൾ ക്രൈംബ്രാഞ്ച് ഇന്ന് ശേഖരിക്കും. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ രാവിലെ 11-ന് ഹാജരാകാനാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരിക്കുന്നത്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ് എന്നിവരുടെ ശബ്ദമാണ് പരിശോധിക്കുക. സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയ ഗൂഢാലോചന സംബന്ധിച്ച ശബ്ദരേഖ അടിസ്ഥാനമാക്കിയാണ് പരിശോധന. മുൻകൂർ ജാമ്യം നൽകിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉപാധികളിൽ പ്രധാനപ്പെട്ടത് അന്വേഷണവുമായി സഹകരിക്കണം എന്നുള്ളതായിരുന്നു. ഉപാധികളിൽ ഏതെങ്കിലും ഒന്നിൽ വീഴ്ച വരുത്തിയാൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുന്നതിനും മുൻകൂർ ജാമ്യം റദ്ദാക്കുന്നതിനും പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചിരുന്നു.
ഗൂഢാലോചന നടത്തിയതിന് പ്രഥമദൃഷ്ട്യാ ഒരു തെളിവുമില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി. ഗോപിനാഥ് നടൻ ദിലീപ് അടക്കമുള്ള അഞ്ച് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ ഗൂഢാലോചന തെളിയിക്കുന്നതാണെന്ന പ്രോസിക്യൂഷൻ വാദം കോടതി തള്ളുകയായിരുന്നു.