ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തതിനെതിരായ ആം ആദ്മി പാർട്ടി (എ.എ.പി) പ്രതിഷേധത്തെ തുടർന്ന് ഡൽഹി മെട്രോ സ്റ്റേഷൻ ഗേറ്റുകൾ അടച്ചതായി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡി.എം.ആർ.സി) അറിയിച്ചു. ലോക് കല്യാൺ മാർഗ് സ്റ്റേഷനാണ് സുരക്ഷാ കാരണങ്ങൾ മുൻനിർത്തി അടച്ചത്. പട്ടേൽ ചൗക്ക് , സെൻട്രൽ സെക്രട്ടേറിയറ്റ് മെട്രോ സ്റ്റേഷനുകളിലേക്കും പ്രവേശനം നിരോധിച്ചു.ഇനിയൊരു മുന്നറിയിപ്പുണ്ടാകുന്നത് വരെ ലോക് കല്യാൺ മാർഗ് മെട്രോ സ്റ്റേഷൻ, പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷൻ മൂന്നാം ഗേറ്റ്, സെൻട്രൽ സെക്രട്ടേറിയറ്റ് മെട്രോ സ്റ്റേഷൻ അഞ്ചാം ഗേറ്റ് എന്നിവ അടച്ചിടുമെന്ന് ഡി.എം.ആർ.സി എക്സിൽ കുറിച്ചു.റദ്ദാക്കിയ ഡൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് കേന്ദ്ര ഏജൻസി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. കെജ്‌രിവാൾ മാർച്ച് 28 വരെ ഇ.ഡി കസ്റ്റഡിയിലാണ്