കൊല്ലം> പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ അന്തിമപട്ടികയായി. എല്ലാവർക്കും ചിഹ്നങ്ങളും അനുവദിച്ചു. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയോളം തന്നെ പ്രാധാന്യമുണ്ട് ചിഹ്നത്തിനും. ചിഹ്നമില്ലാതെ വോട്ട് പിടിക്കേണ്ടിവന്ന ചരിത്രം കൊല്ലം ജില്ലയിലെ തെരഞ്ഞെടുപ്പിലുണ്ട്.
2001ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചവറ മണ്ഡലത്തിലെ ആർഎസ്‌പി ബി സ്ഥാനാർഥിയായിരുന്ന ഷിബു ബേബിജോണിനാണ് നാമനിർദേശപത്രിക സമർപ്പിച്ച ആദ്യഘട്ടത്തിൽ ചിഹ്നം പറഞ്ഞ് വോട്ട് പിടിക്കാനോ ചുവരെഴുത്തിൽ ചിഹ്നം ഉൾപ്പെടുത്താനോ കഴിയാതിരുന്നത്. 1999ൽ ബാബുദിവാകരനും ഷിബു ബേബി ജോണും എ വി താമരാക്ഷനും ആർഎസ്‌പിയിൽനിന്ന് പിളർന്ന് ആർഎസ്‌പി ബി രൂപീകരിച്ച് യുഡിഎഫ് മുന്നണിയിൽ ചേക്കേറി. ഈ സമയം ഔദ്യോഗിക ആർഎസ്‌പി ഇടതുമുന്നണിയിൽതന്നെയായിരുന്നു.
2001ലെ തെരഞ്ഞെടുപ്പിൽ ചവറ മണ്ഡലത്തിൽ ആർഎസ്‌പി ഔദ്യോഗിക സ്ഥാനാർഥിയായി വി പി രാമകൃഷ്‌ണപിള്ളയും ആർഎസ്‌പി ബി സ്ഥാനാർഥിയായി ഷിബു ബേബിജോണുമാണ് മത്സരിച്ചത്. ആർഎസ്‌പിക്ക് തെരഞ്ഞെടുപ്പു കമീഷൻ മൺവെട്ടിയും മൺകോരിയും ചിഹ്നമായി അനുവദിച്ചു. ആർഎസ്‌പി ബി സ്വതന്ത്രചിഹ്നമായ പുസ്തകത്തിന് അപേക്ഷിച്ചെങ്കിലും ചിഹ്നം അനുവദിക്കുന്നതിൽ കാലതാമസം നേരിട്ടു. ഇക്കാരണത്താൽ സ്ഥാനാർഥിയായ ഷിബുവിന് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളിൽ ചിഹ്നം പറഞ്ഞ് വോട്ട് പിടിക്കുന്നതിനോ ചുവരെഴുത്തിൽ ചിഹ്നം ഉൾപ്പെടുത്താനോ കഴിഞ്ഞില്ല.