കോഴിക്കോട് : അപൂര്‍വ രോഗം ബാധിച്ച 23 കാരിയായ മകളുമായി എങ്ങോട്ട് പോകണമെന്നറിയാതെ ദുരിതത്തില്‍ കഴിയുകയാണ് കോഴിക്കോട് ചാലപ്പുറം സ്വദേശിയായ കസ്തൂരിബായി. സഹോദരനൊപ്പം കഴിയുന്ന വാടക വീട് ഒഴിയണ്ട സാഹചര്യം വന്നതോടെയാണ് കസ്തൂരിബായിയും മകളും ദുരിതത്തിലായത്. മകള്‍ക്ക് മരുന്നിനും ഭക്ഷണത്തിനും വലിയ തുക കണ്ടെത്തേണ്ടി വരുന്നതിനാല്‍ സ്വന്തമായി വീടെന്നത് കസ്തൂരി ബായിക്ക് സ്വപ്നം മാത്രമാണ്. ജനിച്ച് ഒന്‍പത് മാസം കഴിഞ്ഞപ്പോഴാണ് പവിത്രയ്ക്ക് അസുഖം കണ്ടെത്തിയത്. ക്രോണിക് എപിലസ്പി ഡിസോര്‍ഡര്‍ ആണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ഇതോടെ കസതൂരിബായിയെയും മകളെയും ഭര്‍ത്താവ് ഉപേക്ഷിച്ചു. ചെന്നൈയിലായിരുന്ന കസ്തൂരിബായി പവിത്രയെയും കൊണ്ട് കോഴിക്കോടേക്ക് പോന്നു. സഹോദരനൊപ്പം വാടക വീട്ടിലാണ് കഴിഞ്ഞ 17 വര്‍ഷത്തിലധികമായി ഇവരുടെ താമസം.
മുഴുവന്‍ സമയവും മകളെ നോക്കാന്‍ ഒരാള്‍ വേണ്ടതിനാല്‍ കസ്തൂരിബായിക്ക് ജോലിക്ക് പോകാന്‍ കഴിയുന്നില്ല. പ്രായമായ സഹോദരനും കുടുംബവും മക്കള്‍ക്കൊപ്പം താമസം മാറുന്നതിന്റെ ഭാഗമായി വാടക വീട് ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഇതോടെ എങ്ങോട്ട് പോകണമെന്നറിയാത്ത അവസ്ഥയിലാണ് കസ്തൂരിബായി. കഴിഞ്ഞ വര്‍ഷം ലൈഫ് ഭവന പദ്ധതിയില്‍ വീടിനായി അപേക്ഷിച്ചിരുന്നു. എന്നാല്‍ മുന്‍ഗണന പട്ടിക തയ്യാറായിട്ടില്ലെന്ന മറുപടിയാണ് ഇവര്‍ക്ക് കിട്ടിയത്. ഇടക്കാലത്ത് ദുരിതത്തിന് പരിഹാരമായി വീട് വച്ച് തരാമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ ഫോണില്‍ വിളിച്ചാല്‍ പോലും മറുപടി ഇല്ലാതായി. ഒരു ദിവസം 300 രൂപയാണ് പവിത്രയുടെ മരുന്നിന്റെ ചെലവ്. മൂന്ന് നേരം കൃത്യമായി ഭക്ഷണം നല്‍കുകയും വേണം. ഇതിന് പോലും പണം കണ്ടെത്താനാകാത്ത കസ്തൂരി ബായിക്ക് സ്വന്തം വീടെന്ന സ്വപ്നം ഏറെ അകലെയാണ്. സുമനസ്സുകള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കസ്തൂരി ബായിയിപ്പോള്‍.