പാലക്കാട് : ഓട്ടത്തിനിടെ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ അറസ്റ്റിലായി.പീച്ചി പട്ടിക്കാട് സ്വദേശി സി. എല്‍ ഔസേപ്പ് ആണ് അറസ്റ്റിലായത്. കുഴല്‍മന്ദം പോലീസാണ് അറസ്റ്റ് ചെയ്തത്. കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മരിച്ച ആദര്‍ശിന്റെ അച്ഛനും ബിത്തിന്റെ സഹോദരന്‍ കെ. ശരതും രംഗത്തെത്തിയിരുന്നു. നടന്നത് കൊലപാതകം തന്നെയെന്നാണ ഇവരുടെ ആരോപണം. ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തത് കൊണ്ട് മാത്രം പ്രശ്‌നം തീരുന്നില്ല.ആനുകൂല്യങ്ങളെല്ലാം തടഞ്ഞ് സര്‍വീസില്‍ നിന്നും പിരിച്ചു വിടണം എന്നും അച്ഛന്‍ മോഹനന്‍ പ്രതികരിച്ചു. ബസ് ഡ്രൈവറുമായി ആദര്‍ശ് തര്‍ക്കിച്ചിരുന്നതായി ചില യാത്രക്കാര്‍ പറഞ്ഞിരുന്നു .ഇതിന്റെ വൈരാഗ്യ മാണോ അപകടം എന്ന് പരിശോധിക്കണമെന്നും ആവശ്യമുണ്ട്.
ആദര്‍ശും കൂട്ടുകാരന്‍ സബിത്തും അപകടത്തില്‍പ്പെട്ടത് 7 തീയതി രാത്രിയാണ്. കോയമ്പത്തൂരില്‍ നിന്ന് വരും വഴി തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ വച്ചാണ് അപകടം. അപകട സ്ഥലത്തിന് അഞ്ച് കിലോമീറ്റര്‍ മുമ്പ് കെഎസ്ആര്‍ടിസി ഡ്രൈവറുമായി തര്‍ക്കമുണ്ടായതായി ചിലര്‍ പറഞ്ഞിരുന്നു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കാന്‍ ആണ് ഈ കുടുംബത്തിന്റേയും തീരുമാനം. സംഭവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി ഓപ്പറേറ്റിംഗ് സെന്ററിലെ ഡ്രൈവറായ സി.എല്‍. ഔസേപ്പിനെയാണ് സിഎംഡി സസ്‌പെന്‍ഡ് ചെയ്തതിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ ബസിന് പിറകില്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡാഷ് ബോര്‍ഡില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ബസ് തട്ടിയാണ് യുവാക്കള്‍ മരിച്ചതെന്ന് വ്യക്തമായത്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഔസേപ്പിനെ സസ്‌പെന്‍ഡ് ചെയ്തത്.