ലോകത്തിലെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനങ്ങളിലൊന്നാണ് ഇന്ത്യന്‍ റെയില്‍വെ. എന്നാല്‍, ഇന്ന് ഇന്ത്യന്‍ റെയില്‍വേ ഏറ്റവും കൂടുതല്‍ പരാതികളുള്ള ഒരു പൊതുഗതാഗത സംവിധാനമായി മാറി. സാധാരണകാരന്റെ പൊതു ഗതാഗത സംവിധാനം എന്ന പദവിയില്‍ നിന്നും മധ്യവര്‍ഗ്ഗക്കാരുടെ പൊതുഗതാഗത സംവിധാനത്തിലേക്കാണ് റെയില്‍വേയുടെ യാത്രയെന്നാണ് മറ്റൊരു പരാതി. പ്രധാനമായും രാത്രി യാത്രയ്ക്കായി റെയില്‍വേയെ ആശ്രയിക്കുന്നവരാണ് ഏറ്റവും കൂടുതല്‍ ദുരിതത്തിലാകുന്നത്. ലോക്കല്‍ കോച്ചുകളും റിസര്‍വേഷന്‍ കോച്ചുകളും കുറച്ച റെയില്‍വേ ഇപ്പോള്‍ പ്രീമിയം കോച്ചുകള്‍ക്കാണ് പ്രധാന്യം കൊടുക്കുന്നത്. ഇത് ദുരിതം ഇരട്ടിയാക്കുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ റെയില്‍വേയില്‍ രാത്രിയാത്രയ്ക്കിടെ വെള്ളം പോലും കിട്ടാനില്ലെന്ന പരാതിയായിരുന്നു ഉയര്‍ന്നത്. ഏതാണ്ട് അരലക്ഷത്തോളം പേരാണ് ഇതിനകം വീഡിയോ കണ്ടത്.
അഭിനവ് സിംഗ് എന്ന എക്സ് ഉപയോക്താവ് വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി, ‘ ഇന്ത്യൻ റെയിൽവേയിൽ വെള്ളത്തിന് വേണ്ടിയുള്ള പോരാട്ടം യാഥാർത്ഥ്യമാണ്. ഞാൻ തനിച്ചായിരുന്നില്ല, 5 പേർക്ക് കൂടി വെള്ളം വേണമായിരുന്നു. ഞാൻ വാതിൽ തകർക്കാൻ ഒരുങ്ങുകയായിരുന്നു!! ദയനീയം.’ ഇന്ത്യയിലെമ്പാടും ഇന്ന് ചൂട് വളരെ ഏറെയാണ്. ബെംഗളൂരു പോലെ പല നഗരങ്ങളിലും വെള്ളം കിട്ടാക്കനിയായിരിക്കുന്നു. ഇതിനിടെയാണ് രാത്രി യാത്രയ്ക്കിടെ ഒരാള്‍ വെള്ളത്തിനായി പാന്റികാറിന്റെ ഡോറില്‍ തട്ടി വെള്ളം ആവശ്യപ്പെടുന്നത്. എന്നാല്‍ സമയം കഴിഞ്ഞെന്നും ഇപ്പോള്‍ തരാന്‍ പറ്റില്ലെന്നുമാണ് പാന്റികാറിലെ തൊഴിലാളി പറയുന്നത്. സമയം കഴിഞ്ഞെന്നതിന്റെ പേരില്‍ ഈ ചൂട് കാലത്ത് കുടി വെള്ളം പോലും നല്കാന് പാന്റികാറിലെ തൊഴിലാളി തയ്യാറാകുന്നില്ല. ഒടുവില്‍ ഏറെ നേരത്തെ വാഗ്വാദത്തിന് ശേഷമാണ് അയാള്‍ വെള്ളം നല്കാന് തയ്യാറായതെന്ന് കുറിപ്പിനിടെ അഭിനവ് എഴുതി. ഇത്രയേറെ ദുരിതം സഹിച്ച് യാത്ര ചെയ്യുന്നതിനിടെ വെള്ളം പോലും നിഷേധിക്കുന്ന ഇന്ത്യന്‍ റെയില്‍വേയുടെ നടപടി സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്.