കൊച്ചി: വടകരയിലെ കാഫിർ വിവാദത്തിൽ ഇടപ്പെട്ട് ഹൈകോടതി. ഇതുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാവിന്റെ ഹരജിയിൽ ഹൈകോടതി പൊലീസിന് നോട്ടീസയച്ചു. കാഫിർ എന്ന് പരാമർശമുള്ള സ്ക്രീൻഷോട്ട് ആരാണ് പ്രചരിപ്പിച്ചതെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് കാസിം ഹൈകോടതിയെ സമീപിച്ചത്. തുടർന്ന് കോഴിക്കോട് റൂറൽ എസ്.പിക്ക് ഹൈകോടതി നോട്ടീസയക്കുകയായിരുന്നു.
കാസിമിന്റെ പരാതിയിൽ പൊലീസ് സ്വീകരിച്ച നടപടികൾ രണ്ടാഴ്ചക്കകം അറിയിക്കണമെന്ന് കോടതി നിർദേശിച്ചു. പി.കെ കാസിമിന്റെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി വാട്‌സ്ആപ്പ് സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്നാണ് പരാതി. വ്യാജ വിഡിയോ പ്രചരിപ്പിച്ചതിനെതിരെ യൂത്ത് ലീഗ് നൽകിയ കേസിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന റിപ്പോർട്ടും പൊലീസ് സമർപ്പിക്കണം. 14-ാം തീയതിക്ക് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാനാണ് പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്.
വിവാദത്തില്‍ താനാണ് ആദ്യം പരാതി നല്‍കിയതെന്നും എന്നാൽ, തനിക്കെതിരേ കേസെടുക്കുന്ന സാഹചര്യമുണ്ടായെന്നും മുഹമ്മദ് കാസിം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രമല്ല ആരാണ് ഇതുണ്ടാക്കിയതെന്നടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
അതേസമയം, വിവാദമായ സ്ക്രീൻഷോട്ട് പങ്കുവെച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം മുൻ എം.എൽ.എ കെ.കെ ലതികയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. രണ്ടുദിവസം മുമ്പാണ് വടകര എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ മൊഴിയെടുത്തത്.