ഭുവനേശ്വര്‍: നെറ്റ്ഫ്‌ളിക്‌സില്‍ ഏറെ ഹിറ്റായ ഡോക്യുമെന്ററിയാണ് കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ടിന്‍ഡര്‍ സ്വിന്‍ഡ്‌ലര്‍. വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് ഡേറ്റിങ് ആപ്പായ ടിന്‍ഡറിലൂടെ പരിചയപ്പെട്ട് അമേരിക്കയില്‍ നിരവധി സ്ത്രീകളില്‍ ലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്ത് ആഡംബര ജീവിതം നയിച്ചയാളുടെ കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്. അതിന് സമാനമായ മറ്റൊരു കേസാണ് ഇന്ത്യയില്‍ നടന്നത്.
ഡോക്ടറാണെന്ന് വ്യാജേന മാട്രിമോണിയല്‍ സൈറ്റുകളിലൂടെ പരിചയപ്പെട്ട 14 സ്ത്രീകളെ വിവാഹം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ 54കാരന്‍ ഒടുവില്‍ പോലീസ് വലയിലായി. ഒഡിഷ കേന്ദ്രപര ജില്ലയിലെ രമേഷ് സൈ്വന്‍ എന്ന ബിന്ദു പ്രകാശ് സൈ്വനെയാണ് (54) പോലീസ് അറസ്റ്റ് ചെയ്തത്. ഏഴ് സംസ്ഥാനങ്ങളില്‍നിന്നായി 14 യുവതികളെയാണ് ഇയാള്‍ വിവാഹം ചെയ്തത്. പഞ്ചാബ്, ദില്ലി, അസം, ജാര്‍ഖണ്ഡ്, ഒഡിഷ സംസ്ഥാനങ്ങളിലെ യുവതികളെയാണ് ഇയാള്‍ ലക്ഷ്യം വെച്ചിരുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഡോക്ടര്‍ എന്ന് പരിചയപ്പെടുത്തി മാട്രിമോണിയല്‍ സൈറ്റുകളിലൂടെയാണ് ഇയാള്‍ യുവതികളെ പരിചയപ്പെട്ടത്.
ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയും സാമ്പത്തിക ഭദ്രതയുമുള്ള സ്ത്രീകളായിരുന്നു ഇയാളുടെ ഇരകള്‍. പണമായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് ഭുവനേശ്വര്‍ ഡിസിപി ഉമാശങ്കര്‍ ദാഷ് പറഞ്ഞു. സുപ്രീം കോടതി അഭിഭാഷക മുതല്‍ കേന്ദ്ര സായുധ സേനയിലെ ഉന്നത ഓഫിസര്‍ വരെ ഇയാളുടെ തട്ടിപ്പിനിരയായി. 2018ല്‍ പഞ്ചാബിലെ സിഎപിഎഫ് ഉദ്യോഗസ്ഥയെ വിവാഹം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്തു. പിന്നീട് ഗുരുദ്വാരയില്‍ ആശുപത്രി അനുവദിക്കാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപകൂടി തട്ടിയെടുത്തു. അന്വേഷണത്തില്‍ ഇയാള്‍ക്ക് അഞ്ച് കുട്ടികളുള്ളതായി കണ്ടെത്തി. 1982ലാണ് ആദ്യ വിവാഹം. പിന്നീട് 2002നും 2020നും ഇടയിലാണ് നിരവധി സ്ത്രീകളെ വഞ്ചിച്ച് വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസം വധുവിനൊപ്പം താമസിക്കും. പിന്നീട് വടക്കുകിഴക്കിലോ ഭുവനേശ്വറിലോ ജോലിയുണ്ടെന്ന് പറഞ്ഞ് ഭാര്യയെ അവരുടെ മാതാപിതാക്കളുടെ അടുത്താക്കി മുങ്ങും. 2021ല്‍ ദില്ലിയിലെ അധ്യാപിക നടത്തിയ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്. അധ്യാപികയെയും ഇയാള്‍ വിവാഹം ചെയ്തിരുന്നു. പരാതിയെ തുടര്‍ന്ന് ഭുവനേശ്വറിലെ ഖന്ദഗിരി പ്രദേശത്തുനിന്ന് വാടക വീട്ടില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തു.
സെക്ഷന്‍ 498 എ, 419, 468, 471, 494 വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 13 പേരെയും ഇയാള്‍ പരിചയപ്പെട്ടത് മാട്രമോണിയല്‍ സൈറ്റുകളിലൂടെയാണെന്ന് പോലീസിന് വ്യക്തമായി. ഇയാളില്‍ നിന്ന് വിവിധ പേരുകളില്‍ നാല് ആധാര്‍ കാര്‍ഡ്, 11 എടിഎം കാര്‍ഡ് ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ കണ്ടെടുത്തു. നേരത്തെ എംബിബിഎസ് കോഴ്‌സിന് സീറ്റ് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് കോടിയായിരുന്നു ഇയാള്‍ തട്ടിയത്. വായ്പാ തട്ടിപ്പില്‍ എറണാകുളത്തും ഇയാള്‍ അറസ്റ്റിലായി. ആവശ്യമെങ്കില്‍ സ്ത്രീകള്‍ മാത്രമുള്‍പ്പെട്ട അന്വേഷണ സംഘം രൂപീകരിക്കുമെന്നും ഡിസിപി പറഞ്ഞു. ഇരകള്‍ക്ക് കൗണ്‍സിലങ് ഉറപ്പാക്കും. ഇയാളുടെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുമെന്നും അതിനായി ഇയാളെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് അറിയിച്ചു.