തിരുവനന്തപുരം: ദലിത്, ആദിവാസി ജനവാസ കേന്ദ്രങ്ങളുടെ പേര് മാറ്റാനുള്ള സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി സംഘടനകൾ രംഗത്ത്. കോളനി, സങ്കേതങ്ങൾ എന്നീ പദപ്രയോഗങ്ങൾ അവസാനിപ്പിക്കുന്നതിനെ അംഗീകരിക്കുന്നുണ്ടെങ്കിലും ആദിവാസി സമൂഹം അവരുടെ ഗ്രാമങ്ങളെ വിശേഷിപ്പിക്കാൻ നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ‘ഊര്’ എന്ന പേര് റദ്ദാക്കാനുള്ള നിർദേശം പ്രതിഷേധാർഹമാണ്. നഗർ, ഉന്നതി, പ്രകൃതി എന്നിങ്ങനെ പേരുകൾ നിർദേശിക്കാൻ സർക്കാറിന് അധികാരമില്ലെന്നും സംയുക്ത പ്രസ്താവനയിൽ സംഘടനകൾ വ്യക്തമാക്കി. ഗോത്ര മഹാസഭയുടെ പ്രതിനിധികളായ എം. ഗീതാനന്ദൻ, സി.എസ്. ജിയേഷ്, ആദിജനസഭയുടെ സിജി തങ്കച്ചൻ, സൈന്ദവ മൊഴി പ്രതിനിധി പി.സി. സുനിൽ എന്നിവർ ചേർന്നാണ് പ്രസ്താവനയിറക്കിയത്.
കേരള മോഡൽ വികസനത്തിന്റെ ഭാഗമായി ദലിത്, ആദിവാസി ജനവാസ കേന്ദ്രങ്ങൾക്ക് മേൽ കേരള സർക്കാർ അടിച്ചേൽപ്പിച്ച ‘കോളനി’ എന്ന പ്രയോഗം റദ്ദാക്കാനുള്ള മുൻമന്ത്രി കെ. രാധാകൃഷ്ണന്റെ തീരുമാനം സ്വാഗതാർഹമാണ്. എല്ലാ സർക്കാർ രേഖകളിൽനിന്നും ‘കോളനി’ എന്ന പ്രയോഗം നീക്കം ചെയ്യാനും, ജനവാസ കേന്ദ്രങ്ങൾക്ക് മുൻപിൽ ബോർഡുകളും പട്ടികജാതി വികസന പദ്ധതികളുടെ ഭാഗമായി നിർമിച്ച വീടുകളുടെ ഭിത്തികളിൽ എഴുതിവെച്ച ബോർഡുകളും യുദ്ധകാല അടിസ്ഥാനത്തിൽ നീക്കം ചെയ്യാൻ പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് തയ്യാറാകണം.
കോളനി, സങ്കേതങ്ങൾ എന്നീ പദപ്രയോഗങ്ങൾ അവസാനിപ്പിക്കുന്നതോടൊപ്പം, ആദിവാസി സമൂഹം അവരുടെ ഗ്രാമങ്ങളെ വിശേഷിപ്പിക്കാൻ നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ‘ഊര്’ എന്ന പേര് റദ്ദാക്കാനും പകരം നഗർ, ഉന്നതി, പ്രകൃതി തുടങ്ങിയ വാക്കുകൾ ഉപയോഗിക്കാവുന്നതാണെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇത് ആദിവാസി, ദലിത് ജനവിഭാഗങ്ങളുടെ സാമുദായിക ജീവിതത്തിന് മേലുള്ള കടന്നുകയറ്റമാണ്. കോളനിവാസികൾ എന്ന് അരനൂറ്റാണ്ടോളം കേരള സർക്കാർ സ്ഥാപിച്ചെടുത്ത വംശീയ വിവേചന പദ്ധതിയുടെ പുതിയ രൂപമാണിത്.
പേരുകൾ നിർദേശിക്കാൻ സർക്കാറിന് യാതൊരു അധികാരവുമില്ല. ഊര് എന്ന പേര് റദ്ദാക്കാനുള്ള നിർദേശം മുന്നോട്ടു വെക്കുകവഴി, ആദിവാസി ജനതയുടെ സാമൂഹിക, സാംസ്കാരിക ജീവിതത്തിന്റെ യൂണിറ്റായി കണക്കാക്കപ്പെടുന്ന ഊരുകൂട്ടങ്ങളുടെ നിലനിൽപ്പ് തന്നെ ഇല്ലായ്മ ചെയ്യുന്നതാണ്.വനാവകാശ നിയമത്തിന്റെ നടത്തിപ്പിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഗ്രാമസഭകളെ തകർക്കുന്നതുമാണ് ആദിവാസി ഊരിനു പകരം നഗർ, ഉന്നതി, പ്രകൃതി, തുടങ്ങിയ പ്രയോഗങ്ങൾ. പാർട്ടി നേതാക്കളുടെ പേരിലുള്ള നഗറുകൾ സ്ഥാപിക്കാനുള്ള മത്സരവേദിയായി ആദിവാസി ദളിത് ജനവാസ കേന്ദ്രങ്ങളെ മാറ്റുന്നതിനുള്ള നീക്കം ആണെന്നും സംശയിക്കേണ്ടതുണ്ട്. എന്തായാലും ഒരു ജന വിഭാഗത്തിന്റെ വാസസ്ഥലത്തിന് ഭരണകൂടം പേരിടേണ്ടതില്ല. സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണം.
ആദിവാസികളുടെ അന്തസ്സുയർത്തേണ്ടത് കോളനികളിൽ ഒതുക്കപ്പെട്ടവരെ അതിൽനിന്ന് മോചിപ്പിച്ചു കൊണ്ടായിരിക്കണം. കേരളത്തിലെ അരലക്ഷത്തോളം വരുന്ന കോളനികളും, ചേരികളും, ലക്ഷംവീടുകളും, ലയങ്ങളും മാറ്റമില്ലാതെ നിലനിർത്താൻ ഭൂപരിഷ്കരണ കാലം മുതൽ ശ്രമിച്ചുകൊണ്ടിരിക്കുന്ന പാർട്ടിയുടെ ശക്തനായ വക്താവാണ് മുൻമന്ത്രി കെ. രാധാകൃഷ്ണൻ. ദലിതർക്ക് മൂന്ന് സെന്റും അഞ്ച് സെന്റും എന്ന പദ്ധതി ഇപ്പോൾ ഫ്ലാറ്റുകളിലേക്ക് മാറ്റിയതും അദ്ദേഹത്തിന്റെ പാർട്ടിയാണ്. ആറാം പഞ്ചവത്സര പദ്ധതി മുതൽ (1987) ദേശീയതലത്തിൽ നടപ്പാക്കിയ പ്രത്യേക ഘടക പദ്ധതി വ്യക്തിഗത സാമ്പത്തിക വികസനമാണ് നിർദ്ദേശിച്ചിരുന്നതെങ്കിലും കേരളത്തിൽ ഈ പദ്ധതി ‘കോളനി വികസനം’ (habitat development ) ആക്കിയതും ഈ കൂട്ടർ തന്നെ.
പഞ്ചായത്ത് രാജ് നടപ്പാക്കിയതോടെ പ്രത്യേക ഘടക പദ്ധതികൾ ചിതറപ്പെട്ടു. കോടിക്കണക്കിന് വികസന ഫണ്ട് ലാപ്സ് ആക്കി കൊണ്ടിരുന്നു. വിദ്യാഭ്യാസ മേഖലയിൽ മാത്രമാണ് ഏറെക്കുറെ പൂർണമായും ബജറ്റ് തുക ലഭിച്ചു വന്നിരുന്നത്. ഇപ്പോൾ അതും തകർക്കപ്പെട്ടു. ഇ ഗ്രാൻഡ് തുക രണ്ടുവർഷങ്ങളിലേറെ കുടിശ്ശികയാണ്. സംഘപരിവാർ ദേശീയതലത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ഇ ഗ്രാൻഡ് അട്ടിമറി മുൻ മന്ത്രി കെ. രാധാകൃഷ്ണൻ കൂടുതൽ സങ്കീർണമാക്കി. ഇ ഗ്രാൻഡ് അട്ടിമറിച്ച മന്ത്രി എന്ന നിലയിലാണ് കെ. രാധാകൃഷ്ണൻ ചരിത്രത്തിൽ ഓർക്കപ്പെടുക. ആദിവാസി ദളിത് അധിവാസ കേന്ദ്രങ്ങളുടെ പേരുമാറ്റം നിർദേശിക്കുന്ന ഉത്തരവ് പുനഃപരിശോധിക്കൻ പ്രക്ഷോഭം ആരംഭിക്കുമെന്നും ആദിവാസി, ദലിത് സംഘടനകൾ വ്യക്തമാക്കി.