ദില്ലി: ബിജെപിക്കെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ രേഖകളിൽ നിന്ന് നീക്കിയതിനെ ചൊല്ലി പാർലമെന്റിൽ പ്രതിപക്ഷ ബഹളം. സഭ സമ്മേളിച്ചതോടെ രാഹുലിന്റെ പ്രസംഗം നീക്കിയ നടപടി ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു. രാഹുൽ ഗാന്ധി ഹിന്ദുക്കൾക്കെതിരായി പ്രസംഗിച്ചുവെന്ന ബിജെപി പരാതിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കർ പരാമർശങ്ങൾ നീക്കിയത്. സത്യം തുടച്ച് നീക്കാനാകില്ലെന്ന് രാഹുൽഗാന്ധി പ്രതികരിച്ചു. എന്തുകൊണ്ട് രാഹുലിന്റെ പ്രസംഗം മാത്രം നീക്കം ചെയ്തുവെന്ന് കെസി വേണുഗോപാൽ എംപിയും ചോദിച്ചു. സ്പീക്കർ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെടുകയായിരുന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചയ്ക്ക് ലോക്സഭയിൽ ഇന്ന് വൈകീട്ട് നാലിന് മറുപടി നൽകും.
രാഹുൽ ഗാന്ധിയുടെ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള ആദ്യ പ്രസംഗം വൻ പ്രഹരമായതോടെ ബിജെപി സഭയിക്കുള്ളിലും പുറത്തും വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ പരാമർശം നീക്കണമെന്ന് അമിത് ഷാ ഇന്നലെ പ്രസംഗത്തിന് ശേഷം ആവശ്യപ്പെട്ടു. സ്പീക്കറെ കണ്ട് മുതിർന്ന ബിജെപി നേതാക്കൾ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ഹിന്ദുക്കളുടെ പേരിൽ ചിലർ അക്രമം നടത്തുന്നുവെന്ന പരാമർശവും ആർഎസ്എസിനെതിരായ ഭാഗങ്ങളും നീക്കിയത്. അഗ്നിവീർ പദ്ധതിയെ കുറിച്ചുള്ള പരാമർശങ്ങളും നീക്കി. രാവിലെ പാർലമെന്റിലെത്തിയ രാഹുൽഗാന്ധി തന്റെ വാക്കുകൾ നീക്കാമെങ്കിലും സത്യം തുടച്ചു നീക്കാൻ കഴിയില്ലെന്ന് പ്രതികരിച്ചു.
സഭയ്ക്കുള്ളിൽ കോൺഗ്രസ് നേതാക്കൾ നടപടിക്കെതിരെ ശക്തമായി പ്രതികരിച്ചു. ഇന്ന് ലോക്സഭയിൽ സംസാരിച്ച അഖിലേഷ് യാദവ് അഗ്നിവീർ പദ്ദതി നിർത്തലാക്കണമെന്നും, പഴയ പെൻഷൻ പദ്ധതി തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. രാഹുലിന്റെ പരാമർശം നീക്കിയതിൽ ഇന്ത്യ സഖ്യം നേതാക്കളും പ്രതിഷേധം അറിയിച്ചു. രാവിലെ എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി എന്നാൽ ഇക്കാര്യം പരാമർശിച്ചില്ല. രാഹുൽ ഗാന്ധിയുടെ പ്രസംഗം സഭയിലും പുറത്തും വൻ ഇളക്കം ഉണ്ടാക്കിയ സാഹചര്യത്തിൽ മോദി ഇന്ന് വൈകീട്ട് നടത്തുന്ന പ്രസംഗത്തിൽ ഇതിന് മറുപടി നൽകും.