തിരുവനന്തപുരം : സംസ്ഥാന പോലീസ് സംവിധാനത്തിനെതിരെ സഭയില്‍ രൂക്ഷമായ വിമര്‍ശനമുന്നയിച്ച് പ്രതിപക്ഷം. സംസ്ഥാനത്തെ ക്രമസമാധാന നില ആകെ തകര്‍ന്നെന്നാണ് പ്രതിപക്ഷം വിമര്‍ശിച്ചത്. കേരളം ഗുണ്ടകളുടെ ഇടനാഴിയായെന്നും പോലീസിലെ എസ് പി മാരെ നിയന്ത്രിക്കുന്നത് സിപിഐഎം സെക്രട്ടറിമാരാണെന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു. താങ്കള്‍ പോയി നോക്കിയോ എന്ന മുഖ്യമന്ത്രിയുടെ മറുപടിക്ക് പരിഹസിക്കേണ്ട എന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം.
ക്രമസമാധാനത്തില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ ഇതിനുള്ള അനുമതി നിഷേധിച്ചു. ഇതേത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അക്രമസംഭവങ്ങളില്‍ കേരളം ഉത്തര്‍പ്രദേശിനെ കവച്ചുവെക്കുന്ന നിലയാണ് ഉണ്ടാകുന്നതെന്ന് പ്രതിപക്ഷം വിമര്‍ശിക്കുകയായിരുന്നു. പോലീസ് സംവിധാനവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള വലിയ വാക്‌പോരിനാണ് സഭ സാക്ഷിയായത്. കേരളം ലഹരി സാമ്രാജ്യമാകുന്നുവെന്നും അക്രമങ്ങളുടെ തലസ്ഥാനമായിക്കൂടി തിരുവനന്തപുരം മാറുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. രാഷ്ട്രീയ കൊലപാതകങ്ങള്‍ പതിവാകുകയാണെന്നും പ്രതിപക്ഷ നേതാവ് സഭയില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ മികച്ച ക്രമസമാധാന പാലനവും പോലീസ് സംവിധാനവുമാണ് സംസ്ഥാനത്തുള്ളതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞത്. കേരള പോലീസിനെ നിര്‍വീര്യമാക്കനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി നിയമസഭയില്‍ ആരോപിച്ചു. ഇത്രയും സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്ന സേനയെ നിര്‍വീര്യമാക്കുക എന്ന ആവശ്യവുമായി ഒരു വിഭാഗം നമ്മുടെ നാട്ടിലുണ്ട്. അത് വര്‍ഗ്ഗീയ ശക്തികളും തീവ്രവാദികളും അരാജകവാദികളുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരക്കാരാണ് നിരന്തരമായി നിസാര സംഭവങ്ങളെ പോലും വലുതാക്കി കാണിച്ച് പോലീസിനെ ആക്ഷേപിക്കാന്‍ ശ്രമിക്കുന്നത്. ഇല്ലാത്ത സംഭവങ്ങള്‍ ഉണ്ടാക്കി പോലീസ് വര്‍ഗ്ഗീയമായി ഇടപെടുന്നുവെന്ന് പ്രചരിപ്പിച്ച സംഭവം നാം കണ്ടതാണ്. ഇത്തരം ശക്തികളുടെ വക്താക്കളായി നിങ്ങള്‍ മാറാന്‍ ഇടയാവരുത്. ഇവരെ തുറന്നുകാട്ടി മുന്നോട്ടുപോകാന്‍ നമുക്കാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.