ഷാർജ : റാപ്പിഡ് പരിശോധനാഫലം ഒഴിവാക്കിയതിനാൽ വരുംദിവസങ്ങളിൽ കൂടുതൽ സഞ്ചാരികൾ രാജ്യത്തെത്താൻ സാധ്യത. യാത്രകൾക്കുള്ള നിയന്ത്രണങ്ങൾ കുറഞ്ഞതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഇടവേളയ്ക്കുശേഷം കൂടുതൽ സഞ്ചാരികൾ യു.എ.ഇ.യിലെത്താൻ തുടങ്ങിയിട്ടുണ്ട്. ദുബായ്, ഷാർജ എന്നിവിടങ്ങളിലെല്ലാം ഹോട്ടലുകൾ പൂർണശേഷിയിൽ പ്രവർത്തിക്കാൻ തുടങ്ങി. ഹോട്ടലുകളിലെല്ലാം താമസക്കാരുടെ തിരക്കനുഭവപ്പെടുന്നുവെന്ന് ടൂർ ഓപ്പറേറ്റർമാരും പറയുന്നു. നാട്ടിലേക്കുള്ള അവധിയാത്ര തുടങ്ങിയെങ്കിലും മാർച്ച്, ഏപ്രിൽ മാസങ്ങളിലെല്ലാം വിമാനയാത്രാനിരക്ക് കൂടുന്നതിൽ പലർക്കും ആശങ്കയുണ്ട്.
കോവിഡിനുശേഷം യു.എ.ഇ.യിൽ നിയന്ത്രണങ്ങളോടെ ആഘോഷങ്ങൾക്ക് തുടക്കമായതിൽ കൂടുതൽ സന്തോഷിക്കുന്നവരാണ് പ്രവാസികൾ. മുടങ്ങിപ്പോയ സാംസ്കാരിക പരിപാടികൾ കൂട്ടായ്മകൾ പുനരാരംഭിച്ചുകഴിഞ്ഞു. നാട്ടിൽനിന്ന് രാഷ്ട്രീയനേതാക്കളും സാഹിത്യ, കലാരംഗത്ത് പ്രവർത്തിക്കുന്നവരും എത്തിത്തുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ സംഘടനകളുടെയടക്കം ഓഡിറ്റോറിയങ്ങളും ഹാളുകളും പൊതുപരിപാടികൾക്ക് ഉപാധികളോടെ നൽകിത്തുടങ്ങി.
കലാപരിപാടികൾക്കുപുറമേ മൈതാനങ്ങളും പാർക്കുകളും കായികാമേളകൾക്കും വേദികളാകുന്നു. ഇടക്കാലത്ത് നിന്നുപോയ ടൂർണമെന്റുകൾ പുനരാരംഭിച്ചിട്ടുണ്ട്. ഏപ്രിലിൽ റംസാൻ വ്രതാരംഭത്തിന് തുടക്കമാകുന്നതോടെ രണ്ടുവർഷമായി ഇല്ലാതിരുന്ന സാമൂഹ നോമ്പുതുറ ഉണ്ടാവുമെന്നാണ് കരുതുന്നത്. വിഷു ആഘോഷങ്ങൾക്കും കൂട്ടായ്മകൾ തയ്യാറെടുക്കുകയാണ്.