തിരുവനന്തപുരം : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽക്കഴിയുന്ന നിമിഷ പ്രിയയുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി അറ്റോർണി ജനറൽ. അറ്റോർണി ജനറൽ ആർ വെങ്കടരമണിയുടെ ഓഫീസാണ് വിദേശ കാര്യമന്ത്രാലയത്തിൽ നിന്നും വിവരങ്ങൾ തേടിയത്. വിഷയത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് തിങ്കളാഴ്ച അറിയിക്കാൻ സുപ്രിം കോടതി നിർദേശം നൽകിയിരുന്നു. വിഷയത്തിൽ സാധ്യമായ എല്ലാ നടപടികളും ഉണ്ടാകുമെന്ന് എ ജി ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. ഇതിനിടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽക്കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സാധ്യമാകും എന്നാണ് പ്രതീക്ഷയെന്ന് ഭർത്താവ് ടോമി തോമസ് പ്രതികരിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടലിൽ പ്രതീക്ഷയുണ്ട്. യെമൻ പൗരന്റെ കുടുംബം ആവശ്യപ്പെട്ടാൽ സഹായധനം നൽകാൻ തയ്യാറെന്നും ടോമി തോമസ് പറഞ്ഞു.