കോഴിക്കോട് : നിമിഷപ്രിയയുടെ മോചനത്തിൽ മോചനദ്രവ്യത്തിന് സാമ്പത്തിക സഹായം നൽകാൻ സന്നദ്ധമെന്ന് ഫറോക് റഹീം കമ്മിറ്റി. അതുമായി ബന്ധപ്പെട്ട് അപേക്ഷ ഔദ്യോഗികമായി ട്രസ്റ്റിന്‍റെ മുന്നിൽ വന്നിട്ടില്ലെന്ന് റഹീം നിയമസഹായ ട്രസ്റ്റ് കൺവീനര്‍ കെ കെ ആലിക്കുട്ടി പറഞ്ഞു. അപേക്ഷ വന്നാല്‍ അതിനോട് വളരെ പോസിറ്റീവ് ആയി പ്രതികരിക്കും. ഇതുമായി ബന്ധപ്പെട്ട് ട്രസ്റ്റിന്‍റെ ഔദ്യോഗിക യോഗം ചേർന്നിട്ടില്ല. അബ്‍ദുൾ റഹീമിനെ പോലെ തന്നെയാണ് നിമിഷപ്രിയയെയും കാണുന്നത്. റഹീം ട്രസ്റ്റിൽ 11 കോടിയോളം രൂപ ബാക്കി ഉണ്ട്. സൗദി ജയിലിൽ ഉള്ള അബ്‍ദുൾ റഹീമിന്‍റെ മോചനത്തിനുള്ള ദിയാധനത്തിനായി 48 കോടിയോളം രൂപയാണ് മലയാളികൾ സമാഹരിച്ചത്.
ലോക മലയാളികൾ ഒന്നുചേര്‍ന്നാണ് അബ്‍ദുൾ റഹീമിന്‍റെ മോചനത്തിനായി പണം സമാഹരിച്ചത്. മൂന്നംഗ ട്രസ്റ്റാണ് റഹീമിനായി രൂപീകരിച്ചത്. ദിയാധനത്തിന് ശേഷം ബാക്കി പണം റഹീം വന്ന ശേഷം എന്ത് ചെയ്യണമെന്ന് ആലോചിക്കാമെന്നാണ് തീരുമാനിച്ചിരുന്നത്. നിമിഷപ്രിയയുടെ കാര്യത്തില്‍ ഔദ്യോഗിക യോഗം ചേര്‍ന്നപ്പോൾ ട്രസ്റ്റ് അംഗങ്ങളിൽ നിന്ന് പോസിറ്റീവ് പ്രതികരണമാണ് വന്നത്. പക്ഷേ ഈ വിഷയത്തില്‍ ട്രസ്റ്റിനെ ആരും ബന്ധപ്പെട്ടിട്ടില്ല. 19ന് ട്രസ്റ്റ് യോഗം ചേരുമെന്നും കെ കെ ആലിക്കുട്ടി പറഞ്ഞു.