ന്യൂഡല്‍ഹി : യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി കെ സി വേണുഗോപാൽ. വധശിക്ഷ തടയാൻ ഇടപെടണമെന്നാവശ്യപ്പെട്ടാണ് കത്ത്. പ്രധാനമന്ത്രി വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും ഇനി നാല് ദിവസം മാത്രമാണ് മുന്നിലുള്ളതെന്നും കത്തിൽ പറയുന്നു. ദിയാ ധനം സ്വീകരിക്കുന്നതിന് ആക്ഷൻ കൗൺസിലും കുടുംബവും ശ്രമങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ആഭ്യന്തരയുദ്ധവും മറ്റ് ആഭ്യന്തര അസ്വസ്ഥതകളും കാരണം ഈ ചർച്ചകൾ കാര്യമായ വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. സാഹചര്യത്തിന്റെ സങ്കീർണ്ണത കണക്കിലെടുത്ത് യെമൻ അധികൃതരുമായി സാധ്യമായ എല്ലാ നയതന്ത്ര നടപടികളും സ്വീകരിച്ച് വധശിക്ഷ റദ്ദാക്കുന്നത് ഉറപ്പാക്കാൻ അതീവ മുൻഗണനയോടെ ഈ വിഷയത്തിൽ ഇടപെടണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ കെ സി വേണുഗോപാൽ വ്യക്തമാക്കി.