തിരുവനന്തപുരം : തിരുവനന്തപുരത്തെ ശ്രീചിത്ര പുവര്‍ ഹോമിൽ മൂന്നു പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാത്രിയിലാണ് പുവര്‍ ഹോമിൽ താമസിക്കുന്ന മൂന്നു കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച കുട്ടികളെ തിരുവനന്തപുരം എസ്‍യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുമ്പ് എത്തിയ മൂന്ന് പെണ്‍കുട്ടികളാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ആറ്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇവര്‍. പുവര്‍ ഹോമിൽ എത്തിയ ദിവസം മുതൽ വീട്ടിൽ പോകണമെന്ന് പെണ്‍കുട്ടികള്‍ വാശിപിടിച്ചിരുന്നു. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മൂന്നു പെണ്‍കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പാരസെറ്റാമോള്‍ ഗുളികകളും വൈറ്റമിൻ ഗുളികകളും അമിതമായി കഴിക്കുകയായിരുന്നുവെന്ന് ശ്രീചിത്ര പുവര്‍ ഹോം സൂപ്രണ്ട് ബിന്ദു പറഞ്ഞു. അന്തേവാസികളായ ചില കുട്ടികള്‍ കളിയാക്കിയത് മാനസിക വിഷമത്തിലാക്കിയിരുന്നുവെന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടികള്‍ പറയുന്നത്.