തിരുവനന്തപുരം: പിടികിട്ടാപ്പുള്ളിയെ കീഴ്പ്പെടുത്തുന്നതിടെ തിരുവനന്തപുരം പാരിപ്പള്ളിയിൽ നാലു പൊലീസുകാർക്ക് കുത്തേറ്റത് ചൊവ്വാഴ്ചയാണ്. തലനാരിഴയ്ക്കാണ് കൊടുംക്രിമിനലായ അനസിന്‍റെ കത്തിമുനയില്‍ നിന്ന് പൊലീസുകര്‍ രക്ഷപ്പെട്ടത്. പൊലീസുകാരെ കൊല്ലാനായിരുന്നു അനസിന്‍റെ പദ്ധതിയെന്ന് പരിക്കേറ്റ കല്ലമ്പലം എസ്ഐ ആര്‍ ജയൻ പറഞ്ഞു. ജയനൊപ്പം പരിക്കേറ്റ നാല് പൊലീസുകാര്‍ ഇപ്പോഴും ചികിത്സയിലാണ്.
പിടികിട്ടാപ്പുള്ളി അനസിനെ കീഴ്‍പ്പെടുത്തുന്നതിനിടെ തിരുവനന്തപുരം പാരിപ്പള്ളിയിലെ കല്ലമ്പലം സ്റ്റേഷനിലെ നാലു പൊലീസുകാർക്കാണ് കുത്തേറ്റത്. കുത്തേറ്റെങ്കിലും പൊലീസുകാർ പ്രതി അനസിനെ കീഴടക്കി. ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചതുള്‍പ്പെടെ നിരവധിക്കേസിൽ പ്രതിയായ അനസ് പിടികിട്ടാപ്പുള്ളിയാണ്. മുങ്ങി നടക്കുന്ന ഗുണ്ടകളെ പിടികൂന്നതിൻെറ ഭാഗമായി കല്ലമ്പലം പൊലീസിൽ രൂപീകരിച്ച സംഘത്തിലെ പൊലീസുകാരാണ് അനസിനെ പിടികൂടാൻ വൈകുന്നേരമെത്തിയത്.
പാരിപ്പള്ളിയിലെ ഒരു ബാറിൽ അനസ് എത്തുന്നവെന്ന വിവരത്തിൻെറ അടിസ്ഥാനത്തിൽ മഫ്തിയിൽ പൊലീസുകാർ വളഞ്ഞു. അനസിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഓടി. പിന്നാലെ ഓടി പിടികൂടിയ പൊലീസുകാരെ അനസ് കത്തിയെടുത്ത് കുത്തി. ശ്രീജിത്ത്, വിനോദ്, ചന്തു, ജയൻ എന്നീ പൊലീസുകാർക്കാണ് കുത്തേറ്റത്. ശ്രീജിത്തിന്‍റെ നടുവിനും വിനോദിൻെറ തോളിനുമാണ് കുത്തേറ്റത്. പരിക്കേറ്റ പൊലീസുകാർ തന്നെ അനസിനെ തടഞ്ഞുനിർത്തി. കൂടുതൽ പൊലീസും സ്ഥലത്തെത്തി. മൂന്നു പൊലീസുകാരെ കിംസിലും വിനോദിനെ പാരിപ്പള്ളി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഉന്നത പൊലീസുദ്യോഗസ്ഥർ ആശുപത്രിയിലെത്തി. പിടികൂടിയ അനസിനെ കല്ലമ്പലം പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇയാള്‍ മയക്കുമരുന്നിന് അടിയമയാണെന്ന് പൊലീസ് പറഞ്ഞു.