കോഴിക്കോട്: ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ആശയം അഭിനന്ദനാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ വി ടി ബല്‍റാം. വസ്ത്രധാരണം വ്യക്തികളുടെ തെരഞ്ഞെടുപ്പായി മാറുന്നതാണ് ജനാധിപത്യത്തിന് നല്ലതെന്നും അദ്ദേഹം പ്രതികരിച്ചു. ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം ജന്‍ഡര്‍ എന്താണെന്ന് മനസിലാക്കാന്‍ കുട്ടികളെ സഹായിക്കുമെന്നും ജന്‍ഡര്‍ സ്റ്റീരിയോ ടൈപ്പുകള്‍ എങ്ങനെയാണ് രൂപപ്പെടുന്നതെന്ന് കുട്ടികള്‍ക്ക് മനസ്സിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലൈംഗിക വിദ്യാഭ്യാസമുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ സ്‌കൂളുകളില്‍ നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്നത് മികച്ച ആശയമാണെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ലിംഗസമത്വം, ഇഷ്ടപ്പെട്ട വസ്ത്രം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്നിവ സമന്വയിപ്പിച്ച് വേണം മുന്നോട്ടോപോകാന്‍. വസ്ത്രധാരണ രീതി ആരിലും അടിച്ചേല്‍പ്പിക്കരുത്. ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടണമെന്നും ജനാധിപത്യപരമായി വേണം മാറ്റങ്ങളുണ്ടാക്കാനെന്നും ബല്‍റാം പറഞ്ഞു. ബാലുശേരി ഗവണ്‍മെന്റ് സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം നടപ്പാക്കിയതിനെതിരെ ചില മതസംഘടനകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സംഭവത്തില്‍ വിവാദം വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അനാവശ്യ വിവാദങ്ങളുണ്ടാക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതാത് സ്‌കൂളുകളിലെ പാരന്റ്‌സ് ടീച്ചേഴ്‌സ് അസോസിയേഷനും തദ്ദേശ സ്ഥാപനങ്ങളുമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പ്രതികരിച്ചു.