തിരുവനന്തപുരം വിവാഹം രജിസ്‌ടര്‍ ചെയ്യുന്നത് പോലെ വിവാഹ മോചനവും രജിസ്‌ടര്‍ ചെയ്യാനുള്ള നിയമവും ചട്ടഭേദഗതിയും തയ്യാറാക്കുമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ . കേരള നിയമസഭയുടെ സ്ത്രീകളുടേയും കുട്ടികളുടേയും ട്രാന്‍സ്‌ജെന്‍ഡറുകളുടേയും ഭിന്നശേഷിക്കാരുടേയും ക്ഷേമം സംബന്ധിച്ച സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടിക്രമങ്ങളിലേക്ക് പോകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
വിവാഹ മോചന രജിസ്ട്രേഷന്‍ സമയത്ത് കുഞ്ഞുങ്ങളുണ്ടെങ്കില്‍ അവരുടെ സംരക്ഷണത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍കൂടി രജിസ്ട്രേഷനില്‍ ഉള്‍പ്പെടുത്തും. പുനര്‍ വിവാഹിതരാവുമ്പോള്‍ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനാവശ്യമായ നിയമ നിര്‍മാണവും ഇതിന്റെ ഭാഗമായി ഉണ്ടാവും. ഇന്ത്യന്‍ നിയമ കമീഷന്റെ 2008ലെ റിപ്പോര്‍ട്ടില്‍ വിവാഹവും വിവാഹ മോചനവും രജിസ്റ്റര്‍ ചെയ്യേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നുണ്ട്. അതിന് മതമോ, വ്യക്തി നിയമമോ പരിഗണിക്കാതെ ഇന്ത്യയൊട്ടാകെ എല്ലാ പൗരന്‍മാര്‍ക്കും ബാധകമാക്കണമെന്ന് ശുപാര്‍ശ ചെയ്‌തിട്ടുണ്ട്. എന്നാല്‍, ഇതിന്റെ അടിസ്ഥാനത്തില്‍ നിയമ നിര്‍മാണങ്ങളൊന്നും നടന്നിട്ടില്ല. ഇന്ത്യയില്‍ വിവാഹ മോചനം നിര്‍ബന്ധമായും രജിസ്‌ടര്‍ ചെയ്യണമെന്ന നിയമം ഒരു സംസ്ഥാനത്തും നിലവിലില്ല. കേരളം ഈ കാര്യത്തിലും രാജ്യത്തിന് മാതൃകയാവുകയാണെന്ന് മന്ത്രി പറഞ്ഞു.
വിവാഹവും വിവാഹമോചനവും ഇന്ത്യന്‍ ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ ഉല്‍പ്പെടുന്നതിനാല്‍ വിവാഹമോചന രജിസ്ട്രേഷനായി സംസ്ഥാനത്തിന് നിയമനിര്‍മാണം നടത്താവുന്നതാണ്. മതഭേദമന്യേയുള്ള വിവാഹ രജിസ്ട്രേഷന് ചട്ടങ്ങള്‍ മാത്രമാണുള്ളത് എന്ന വസ്‌തുത പരിഗണിച്ച് കേരള വിവാഹങ്ങളും വിവാഹമോചനങ്ങളും രജിസ്റ്റര്‍ ചെയ്യല്‍ ആക്റ്റ് എന്ന പേരിലാണ് നിയമനിര്‍മാണം നടത്തുക. 2008ലെ കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ ചട്ടങ്ങളില്‍ വിവാഹ മോചനങ്ങളുടെ രജിസ്ട്രേഷനുള്ള വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തി ചട്ടങ്ങള്‍ ഭേദഗതി ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.