കോഴിക്കോട്: ആണ്‍കുട്ടികളുടെ ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിയെ അകാരണമായി മർദ്ദിച്ച ഹോസ്റ്റൽ വാർഡനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർത്ഥികൾ രംഗത്ത്.മെഡിക്കൽ കോളജ് ഹോസ്റ്റൽ ചീഫ് വാർഡൻ ഡോ. സന്തോഷ് കുര്യാക്കോസിനെതിരെയാണ് ആരോപണം. ഉടൻ നടപടി എടുക്കണമെന്ന് കാണിച്ച് യൂണിയൻ അംഗങ്ങളും എസ്എഫ്ഐയും പ്രിൻസിപ്പലിന് കത്തുനൽകി.
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. മെൻസ് ഹോസ്റ്റൽ നാല് സന്ദര്‍ശിച്ച മെഡിക്കൽ കോളജ് ഹോസ്റ്റൽ ചീഫ് വാർഡൻ ഡോ. സന്തോഷ് കുര്യാക്കോസ് റൂമിൽ കിടന്നുറങ്ങുകയായിരുന്ന വിദ്യാർത്ഥിയെ അകാരണമായി മർദ്ദിക്കുകയായിരുന്നു എന്ന് മറ്റ് വിദ്യാർത്ഥികൾ പറയുന്നു.ഹോസ്റ്റൽ മാറാൻ യാതോരു മുന്നറിയിപ്പും ഉണ്ടായിരുന്നില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഹോസ്റ്റൽ സെക്യൂരിറ്റിയെയും വാർഡൻ മർദ്ദിച്ചതായി പരാതിയുണ്ട്. ഡോ. സന്തോഷ് കുര്യാക്കോസ് മുൻപും ഹോസ്റ്റലിൽ നിന്ന് വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്നും ഉടൻ നടപടി ആവശ്യമാണെന്നും കാണിച്ച് വിദ്യാർത്ഥികൾ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് കത്ത് നൽകി. വിദ്യാർത്ഥികളുടെ പരാതി കിട്ടിയിട്ടുണ്ടെന്നും പരിശോധിച്ച് വരികയാണെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.