സീതത്തോട്: സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും വർധിക്കുന്നു. മാർച്ച് 15-ന് ഇത് റെക്കോഡ് ആയിരുന്നു. ഉപയോഗം 89.62 ദശലക്ഷം യൂണിറ്റ് വരെയെത്തി. 2021 മാർച്ച് 19-ന് 88.42 ദശലക്ഷം യൂണിറ്റ് ഉപയോഗിച്ചിരുന്നു. ഇതാണ് മാർച്ച് 15-ന് മറികടന്നത്. വേനൽമഴ കാര്യമായി ലഭിച്ചില്ലെങ്കിൽ മാർച്ചിൽത്തന്നെ ഉപയോഗം 90 ദശലക്ഷം യൂണിറ്റിന് മുകളിലെത്തിയേക്കുമെന്നാണ് കെ.എസ്.ഇ.ബി. കരുതുന്നത്. ഉപയോഗം വർധിക്കുന്നതിനനുസരിച്ച്, വൈദ്യുതി വാങ്ങുന്നതും കൂടുകയാണ്. കഴിഞ്ഞദിവസം സംസ്ഥാനത്ത് 86.9724 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം. ഇതിൽ സംസ്ഥാനത്തെ വൈദ്യുതി പദ്ധതികളിൽനിന്ന് ലഭിച്ചത് 25.0653 ദശലക്ഷം യൂണിറ്റ് മാത്രം. പുറത്തുനിന്ന് വാങ്ങിയത് 61.9072 ദശലക്ഷം യൂണിറ്റ്.
ഇടുക്കി, ശബരിഗിരി എന്നിവിടങ്ങളിൽനിന്നാണ് ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിച്ചത്. ചൂട് കൂടിയതോടെ ചെറുകിട പദ്ധതികളിൽ പലതിലും ഉത്‌പാദനം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ സംസ്ഥാനത്ത് 26.11 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. ഇത്തവണ 23.823 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. പരീക്ഷക്കാലംകൂടി തുടങ്ങിയാൽ വൈദ്യുതി ഉപയോഗം വീണ്ടും കൂടുമെന്നാണ് കരുതുന്നത്.
അതേസമയം, കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ വെള്ളം സംഭരണികളിലുണ്ട്. നീരൊഴുക്കിലും മുൻ വർഷത്തേക്കാൾ വർധനയുണ്ട്. സംസ്ഥാനത്തെ സംഭരണികളിലെല്ലാംകൂടി 57 ശതമാനം വെള്ളമുണ്ട്. ഇതുപയോഗിച്ച് 2368.221 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കാം. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലെ ഏറ്റവുംഉയർന്ന ജലനിരപ്പുമാണിത്. ഇടുക്കിയിൽ മാത്രം 61 ശതമാനം വെള്ളമുണ്ട്. ശബരിഗിരിയിൽ 56-ഉം. അതിനാൽ സംസ്ഥാനത്ത് ജൂൺ 30 വരെ പ്രതിസന്ധികളില്ലാതെ വൈദ്യുതിവിതരണം നടത്താമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.