ദോഹ: ഖത്തറില്‍ സ്വദേശിവത്കരണ നടപടികളില്‍ കൃത്രിമം കാണിച്ചതായി കണ്ടെത്തിയ രണ്ട് കമ്പനികള്‍ക്കെതിരെ നടപടി. ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിനെതിരെയും കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്ഥാപനത്തിനെതിരെയുമാണ് നടപടികളുണ്ടായത്. ഇക്കാര്യം വിശദമാക്കി ഖത്തര്‍ തൊഴില്‍ മന്ത്രാലയം പ്രസ്‍താവന പുറത്തിറക്കുകയും ചെയ്‍തു.
സ്വകാര്യ മേഖലയിലെ തൊഴിലുകളുടെ സ്വദേശിവത്കരണം സംബന്ധിച്ച് രാജ്യത്ത് നടപ്പാക്കേണ്ട നയങ്ങള്‍ ലംഘിക്കുകയും അവയില്‍ കൃത്രിമം കാണിക്കുകയും ചെയ്‍തതിനാണ് നടപടിയെന്ന് തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് ലഭ്യമാക്കേണ്ട തൊഴില്‍ തസ്‍തികകളില്‍ മന്ത്രാലയത്തില്‍ നിന്നുള്ള വര്‍ക്ക് പെര്‍മിറ്റ് വാങ്ങാതെ പ്രവാസികളെ നിയമിച്ചതായാണ് കണ്ടെത്തിയത്.
ഖത്തര്‍ തൊഴില്‍ നിയമത്തിലെ 23-ാം വകുപ്പ് പ്രകാരമാണ് നിയമലംഘനം നടത്തിയ കമ്പനികള്‍ക്കെതിരെ നടപടിയെടുത്തത്. സ്വദേശിവത്‍കരിച്ച തൊഴിലുകളില്‍ പ്രവാസികളെ നിയമിക്കണമെങ്കില്‍ അതുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിബന്ധനകളും പ്രകാരം തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് പ്രത്യേക അനുമതി ആവശ്യമാണ്. ഈ തസ്‍തികകയില്‍ ജോലി ചെയ്യാന്‍ യോഗ്യരായ സ്വദേശികള്‍ ആരും രജിസ്റ്റര്‍ ചെയ്‍തിട്ടില്ലെങ്കില്‍ മാത്രമേ പ്രവാസികളെ നിയമിക്കാന്‍ അനുമതി ലഭിക്കുകയുള്ളൂ.
സ്വകാര്യ മേഖലയിലെ തൊഴിലുകളുടെ സ്വദേശിവത്കരണം സംബന്ധിച്ച നിബന്ധനകള്‍ ലംഘിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കും. നിയമങ്ങളും അറിയിപ്പുകളും ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ നടപടികളുമുണ്ടാകും. രാജ്യത്തെ സ്വദേശികളായ സ്‍ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സ്വകാര്യ മേഖലയിലെ കമ്പനികളില്‍ ജോലി ചെയ്യുന്നതിന് നേരിട്ടേക്കാവുന്ന തടസങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായി കമ്പനികളെ നിരീക്ഷിച്ചുവരികയാണെന്നും അറിയിച്ചിട്ടുണ്ട്.