കോട്ടയം: തനിക്കു കറുപ്പ് നിറമാണെന്ന മുൻമന്ത്രി എം.എം.മണിയുടെ പരിഹാസത്തിന് മറുപടിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. എം.എം.മണിക്ക് മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിറമാണോയെന്ന് അദ്ദേഹം ചോദിച്ചു. ‘ഈയിടെ എം.എം.മണി പറഞ്ഞു എനിക്ക് കറുപ്പ് നിറമാണെന്ന്. അദ്ദേഹത്തിന് ട്രംപിന്റെ നിറമാണല്ലോ. നല്ല കൃത്യമാണ്. ഇതുപോലുള്ള പാഴ്വാക്ക് പറയുന്നവരുണ്ട്. നമ്മൾ അവരെ അവഗണിക്കുക.’– തിരുവഞ്ചൂർ പറഞ്ഞു.
അഞ്ചേരി ബേബി വധക്കേസിൽ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിനു പിന്നാലെയാണ് എം.എം.മണി വിവാദ പരാമർശം നടത്തിയത്. തിരുവഞ്ചൂർ വഞ്ചകനാണെന്നും രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്നും എം.എം.മണി ആരോപിച്ചിരുന്നു. പ്രതികൾ വിചാരണ നേരിടണമെന്നു പറയാനുള്ള തെളിവുകൾ ഈ കേസിൽ ഇല്ലെന്നു വിലയിരുത്തിയാണ് മണിയുൾപ്പെടെ മൂന്നു പേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.