ലണ്ടന്‍: പ്രൈമറി സ്‌കൂളിനപ്പുറം പെൺകുട്ടികൾ പഠിക്കുന്നത് തടയാൻ താലിബാൻ ഒഴികഴിവുകൾ നിരത്തുന്നത് തുടരുമെന്ന് സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി. 2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം അഫ്ഗാനിസ്താന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പെൺകുട്ടികളുടെ പ്രൈമറി സ്‌കൂളുകൾ ആരംഭിക്കാന്‍ മാത്രമേ തുടക്കം തൊട്ടേ അനുമതി നൽകിയിട്ടുള്ളുവെന്നും അവർ പറഞ്ഞു.
അഫ്ഗാനിസ്താനിൽ താലിബാന്‍ അധികാരം പിടിച്ചടക്കിയതിന് ശേഷം നൽകിയ വാഗ്ദാനങ്ങളിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഈ വാദം വസ്തുതാവിരുദ്ധമാണെന്നും 1996 മുതലേ താലിബാന്‍ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് എതിരാണെന്നും മലാല അഭിമുഖത്തിൽ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച മുതൽ പെൺകുട്ടികളുടെ സ്കൂളുകൾ തുറക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സ്കൂളുകളിൽ പെൺകുട്ടികൾ ധരിക്കേണ്ട യുനിഫോമിനെക്കുറിച്ച് ധാരണയായില്ലെന്ന പേരിൽ ഇത് മാറ്റിവെക്കുകയുണ്ടായി. വിദ്യാസമ്പന്നരായ സ്ത്രീകളില്ലാത്ത അഫ്ഗാനിസ്താനെ കെട്ടിപ്പടുക്കാനാണ് താലിബാൻ ശ്രമിക്കുന്നതെന്നും മലാല പറഞ്ഞു. താലിബാന്‍റെ തീരുമാനം ഹൃദയഭേദകമാണെന്നും അവർ കൂട്ടിച്ചേർത്തു.