മലപ്പുറം: തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ സ്വകാര്യ ഭൂമിയിൽ നടത്തുന്ന ജോലികളിൽ ഉടമയുടെകൂടി സാന്നിധ്യമുണ്ടാവണമെന്നും തൊഴിലാളികളോട് മുതലാളിമാരെപ്പോലെ പെരുമാറരുതെന്നും ഓംബുഡ്സ്മാൻ. വാഴയൂർ ഗ്രാമപഞ്ചായത്തിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽനിന്ന് തൊഴിലുറപ്പ് തൊഴിലാളികൾ ജോലി നിർത്തിപ്പോയതുമായി ബന്ധപ്പെട്ട് സ്ഥലമുടമ നൽകിയ പരാതി തീർപ്പാക്കി ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തരിശ് കിടന്ന ഭൂമി കൃഷിയോഗ്യമാക്കാൻ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായം തേടിയ വ്യക്തി അവരോടൊപ്പം ജോലി ചെയ്തിട്ടില്ലെന്നും തൊഴിലാളി മുതലാളിയുടെ മനോഭാവത്തോടെയാണ് പെരുമാറിയതെന്നും ഉത്തരവിൽ പറയുന്നു.
തൊഴിലുറപ്പ് പദ്ധതിയിലൂടെ രാജ്യം മുന്നോട്ടുവെച്ച നയങ്ങൾക്കും നിലപാടുകൾക്കും കടകവിരുദ്ധമാണിത്. തൊഴിലാളികളോട് സംസാരിക്കുന്നത് മാന്യമായിട്ടാകണം. ഭൂവുടമകളും തൊഴിലുറപ്പ് തൊഴിലാളികളും തമ്മിലുള്ള ബന്ധം തൊഴിലുടമ -തൊഴിലാളി ബന്ധമല്ല. ഭൂവുടമകൂടി തൊഴിലാളികളോടൊപ്പം ചേർന്ന് പണിയെടുക്കണമെന്നതാണ് പദ്ധതിയുടെ അന്തസ്സത്തയെന്നും ഓംബുഡ്സ്മാൻ പറഞ്ഞു.











