ന്യൂഡൽഹി: കെ റെയിൽ പദ്ധതിയിൽ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഇപ്പോൾ ഒന്നും പറയാനില്ലെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന സര്‍ക്കാരും പാര്‍ട്ടിയുടെ സംസ്ഥാന ഘടകവും ഏറ്റെടുത്ത നടപടികള്‍ തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം പ്രതികരികരിക്കുകയായിരുന്നു യെച്ചൂരി. പദ്ധതിക്കെതിരായ ജനങ്ങളുടെ പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കശ്മീർ ഫയൽസ് സിനിമയിലൂടെ വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമുണ്ടായി. ന്യൂനപക്ഷങ്ങളെ ആകെ മോശക്കാരായി കാണിക്കുകയാണ്. സിനിമ ഔദ്യോഗികമായി പ്രചരിപ്പിപ്പിക്കുന്ന നിലയുണ്ടാരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സിപിഎം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്‌ട്രീയ സംഘടനാ റിപ്പോർട്ടിന് കേന്ദ്രകമ്മിറ്റി അംഗീകാരം നൽകിയെന്നും ഇന്ധനവില വർധനവിനെതിരെ ഏപ്രിൽ രണ്ടിന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനും പാർട്ടി തീരുമാനിച്ചു.