ലണ്ടൻ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന് ഡെൽറ്റയേക്കാൾ പ്രഹരശേഷി കുറവാെണന്നതിന് തെളിവില്ലെന്ന് ബ്രിട്ടീഷ് ഗവേഷകർ. ബ്രിട്ടനിൽ തുടർച്ചയായ മൂന്നാംദിവസവും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ലണ്ടനിലെ ഇംപീരിയൽ കോളജ് പുതിയ പഠന റിപ്പോർട്ട് പുറത്തുവിട്ടത്. ഒമിക്രോണിന് ഡെൽറ്റയേക്കാൾ അഞ്ചുമടങ്ങ് വ്യാപന ശേഷിയുണ്ടെന്നാണ് ബ്രിട്ടനിലെ കോവിഡ് ബാധിതരുടെ എണ്ണം നൽകുന്ന സൂചന.
അതേ സമയം ഇക്കാര്യത്തിൽ നിഗമനത്തിലെത്താൻ കൂടുതൽ വിവരങ്ങൾവേണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ പക്ഷം. വെള്ളിയാഴ്ച 93,045 പേർക്കാണ് ബ്രിട്ടനിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ യു.കെയിൽ കോവിഡ് ബാധിതരുടെ എണ്ണം 1.11 കോടിയായി. 111 മരണവും പുതുതായി സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,47,000 ആയി. ഒമിക്രോണാണ് ഇപ്പോൾ രാജ്യത്ത് പടർന്നുപിടിക്കുന്ന പ്രധാന വകഭേദം. ഒരാഴ്ച മുമ്പ് മുന്നറിയിപ്പ് നൽകിയ സുനാമി ഇപ്പോൾ ഞങ്ങളെ ബാധിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും സ്കോട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നികോള സ്റ്റർജൻ അറിയിച്ചു. യൂറോപ്പിൽ വളരെ വേഗത്തിൽ വാക്സിൻ വിതരണം പൂർത്തിയാക്കുന്നതിനൊപ്പം ഒമിക്രോണിെൻറ വിനാശകരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കുക കൂടിയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.