മനാമ: ബഹറൈനില്‍ ഇന്ന് മുതല്‍ ജനുവരി 31 വരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍. യെല്ലോ സോണ്‍ നിയന്ത്രണങ്ങളായിരിക്കും രാജ്യത്ത് നിലവില്‍ വരികയെന്ന് കൊവിഡ് നിയന്ത്രണത്തിനായുള്ള ദേശീയ ടാസ്ക് ഫോഴ്‍സ് അറിയിച്ചു. രാജ്യത്തുടനീളമുള്ള ജനങ്ങളുടെ സുരക്ഷയും ആരോഗ്യ സംരക്ഷണവും മുന്‍നിര്‍ത്തിയാണ് തീരുമാനം. പല രാജ്യങ്ങളിലും കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം. ബഹ്റൈനില്‍ ഇതുവരെ ഒരു ഒമിക്രോണ്‍ കേസ് മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെങ്കിലും മുന്‍കരുതല്‍ നടപടിയായാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നത്. അന്താരാഷ്‍ട്ര തലത്തില്‍ ലഭ്യമാവുന്ന പഠനങ്ങള്‍ അനുസരിച്ച് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുമെന്നും അധികൃതര്‍ അറിയിച്ചു.
രാജ്യത്തുടനീളം ജനങ്ങള്‍ യെല്ലോ ലെവല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. യോഗ്യരായവര്‍ എത്രയും വേഗം ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ എടുക്കണമെന്നും അതിന് അപ്പോയിന്റ്മെന്റ് എടുക്കേണ്ട ആവശ്യമില്ലെന്നും പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. നജാത്ത് അബ്‍ദുല്‍ ഫത്ത് പറഞ്ഞു. വാക്സിനെടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളില്‍ പോകാം. മാളുകള്‍ ഒഴികെയുള്ള ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ പോവാനും വീടുകളില്‍ 30 പേരില്‍ കൂടാത്ത സ്വകാര്യ ചടങ്ങുകള്‍ നടത്താനും സര്‍ക്കാര്‍ ഓഫീസുകളില്‍ പോകാനും അനുമതിയുണ്ടാകും.അതേസമയം വാക്സിനെടുത്ത് ഗ്രീന്‍ ഷീല്‍ഡ് സ്റ്റാറ്റസ് ഉള്ളവര്‍ക്കും കൊവിഡ് ബാധിച്ച് രോഗം ഭേദമായവര്‍ക്കും മാത്രമാണ് ഷോപ്പിങ് മാളുകളിലും റസ്റ്റോറന്റുകളിലും കഫേകളിലും ഇന്‍ഡോര്‍ സര്‍വീസുകളിലും ജിമ്മുകളിലും സ്‍പോര്‍ട്സ് ഹാളുകളിലും സ്വിമ്മിങ് പൂളുകളിലും പ്രവേശനം. 50 ശതമാനം മാത്രം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന സിനിമാ തീയറ്ററുകള്‍, കളിസ്ഥലങ്ങല്‍, വിനോദ കേന്ദ്രങ്ങള്‍, പരിപാടികള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവിടങ്ങളിലും ഈ വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം ലഭിക്കുക. ഇവര്‍ക്കൊപ്പമുള്ള 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കും.