കൊല്ലം: പിറകെ വരുന്ന വാഹനങ്ങൾക്ക് വശം നൽകാതെ സ്വകാര്യ ബസിനോട് മത്സരിച്ച് വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിന്, പൂർണ ഗർഭിണി സഞ്ചരിക്കുകയായിരുന്ന ഓട്ടോയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിപ്പിച്ചതായി പരാതി. ബസ് ഇടിച്ച് ഉയർന്ന് നിന്ന ഓട്ടോയിൽ നിന്ന് പുറത്തിറങ്ങാനാകാതെ ഗർഭിണിയും ബാലികയായ മകളും ഭയന്നിരുന്നിട്ടും ഏറെ നേരം ബസ് പിറകോട്ട് എടുക്കാൻ പോലും കെ.എസ്.ആർ.ടി.സി ഡ്രൈവർ തയാറായില്ലെന്നും ആക്ഷേപമുണ്ട്.
മാമൂട് സ്വദേശിയായ സൈജുവിന്റെ ഓട്ടോയിലാണ് കൊല്ലം രണ്ടാംകുറ്റിയിൽെവച്ച് ബസ് ഇടിച്ചത്. ചുറ്റുംകൂടിയ നാട്ടുകാർ ഉൾപ്പെടെ വാഹനം പിറകോട്ടെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ തയാറായില്ല എന്നാണ് പരാതി. ഏറെ നേരത്തെ വാക്കേറ്റത്തിനൊടുവിൽ നാട്ടുകാർ കൂടുതൽ ശക്തമായി പ്രതികരിച്ചതോടെയാണ് ഡ്രൈവർ ബസ് പിറകിലേക്ക് മാറ്റിയത്.