തിരുവനന്തപുരം : മൂവാറ്റുപുഴയിൽ ദളിത് കുടുംബത്തിൻ്റെ വീട് മൂവാറ്റുപുഴ അര്‍ബര്‍ ബാങ്ക് ജപ്തി ചെയ്ത സംഭവത്തിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഹൃദ്രോഗ ബാധിതനായ പിതാവ് ചികിത്സയിൽ കഴിയവെയാണ് കുട്ടികളെ ഇറക്കിവിട്ട് ബാങ്ക് വീട് ജപ്തി ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണില്ലാത്ത ക്രൂരത കേരളത്തിൻ്റെ സ്വന്തം ബാങ്കെന്ന് അവകാശപ്പെടുന്ന കേരള ബാങ്കിൻ്റേതാണ്.
കുടുംബത്തിനു തണലായ മാത്യു കുഴൽനാടൻ എംഎൽഎ മനുഷ്യത്വത്തിൻ്റെ പ്രതീകമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കഴിഞ്ഞ ദിവസം നാല് കുട്ടികളെ വീടിന് പുറത്താക്കിയാണ് ബാങ്ക് ജപ്തി നടപടി പൂര്‍ത്തിയാക്കിയത്. നാട്ടുകാര്‍ സാവകാശം ചോദിച്ച് അഭ്യര്‍ത്ഥന നടത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ വീട് പൂട്ടി മടങ്ങി. വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് കുട്ടികളെ അകത്തു കയറ്റി. പണമടക്കാന്‍ സാവകാശം വേണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
ദളിത് കുടുംബത്തിലെ ഗൃഹനാഥന്‍ ഹൃദ്രോഗത്തേത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുട്ടികളുടെ മാതാവ് ആശുപത്രിയില്‍ കൂട്ടിരിക്കുകയായിരുന്നു. ബാങ്ക് ജനറല്‍ മാനേജറുടെ നേതൃത്വത്തിലുള്ള സംഘമെത്തുമ്പോള്‍ കുട്ടികള്‍ മാത്രമായിരുന്നു വീട്ടില്‍. ഒന്നര ലക്ഷം രൂപയോളമാണ് കുടുംബത്തിന് കുടിശികയായുണ്ടായിരുന്നത്. ബാങ്ക് അധികൃതര്‍ ജപ്തി നടപടികള്‍ക്കെത്തുമ്പോള്‍ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ജപ്തി നടപടിയെന്നായിരുന്നു ബാങ്ക് എംഎല്‍എയെ അറിയിച്ചത്.
രാത്രി എട്ടരയോടെ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രാദേശിക നേതാക്കള്‍ എത്തി പ്രതിഷേധിക്കുകയായിരുന്നു. ബാങ്ക് അധികൃതര്‍ നേരിട്ടെത്തി ജപ്തി ചെയ്ത വീട് തുറന്ന് കൊടുക്കുമെന്ന് എംഎല്‍എയെ അറിയിച്ചിരുന്നു. എന്നാല്‍ രാത്രി വൈകിയിട്ടും ബാങ്കിന്റെ ഭാഗത്തു നിന്നും വീട് തുറന്നുകൊടുക്കാനുള്ള നടപടികള്‍ ഒന്നും ഉണ്ടാവാത്തതോടെ എംഎല്‍എ തന്നെ വീടിന്റെ പൂട്ട് പൊളിക്കുകയായിരുന്നു.
കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നതായി മാത്യു കുഴല്‍നാടന്‍ അറിയിച്ചിരുന്നു. ബാങ്ക് അധികൃതരുമായി സംസാരിച്ച് വായ്പ ബാധ്യത തീര്‍ക്കാനുള്ള പണം നല്‍കുമെന്നും വീടിന്റെ ആധാരം തിരികെവാങ്ങി ആ മക്കള്‍ക്ക് നല്‍കുമെന്നും അദ്ദേഹം അദ്ദേഹം ഫേസ്ബുക് ലൈവില്‍ പറഞ്ഞു. എന്നാൽ വീട് ജപ്‌തി ചെയ്‌തതിൽ വിശദീകരണവുമായി അർബൻ ബാങ്ക് രംഗത്തെത്തി. വീട്ടിലെ സാഹചര്യം ആരും പറഞ്ഞില്ലെന്ന് അർബൻ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിയ്ക്കൽ പ്രതികരിച്ചു. എംഎൽഎയ്ക്ക് ബാങ്ക് അധികൃതരെ ബന്ധപ്പെട്ടാൽ പ്രശ്നം രമ്യമായി പരിഹരിക്കാൻ കഴിയുമായിരുന്നു. കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി നടത്തി എന്ന ആരോപണം ശരിയല്ലെന്നും ഗോപി കോട്ടമുറിയ്ക്കൽ പറഞ്ഞു.