ലൊസാഞ്ചലസ്∙ ഹോളിവുഡ് സൂപ്പര്‍ താരവും ഓസ്കര്‍ ജേതാവുമായ വിൽ സ്‍മിത്തിന് ഓസ്കര്‍ ചടങ്ങുകളില്‍ പത്തുവര്‍ഷത്തേക്ക് അക്കാദമി വിലക്കേര്‍പ്പെടുത്തി. അക്കാദമിയുടെ ഒരു ചടങ്ങിലും നേരിട്ടോ അല്ലാതെയോ ഇക്കാലയളവില്‍ വില്‍ സ്മിത്തിന് പങ്കെടുക്കാനാകില്ല. രണ്ടാഴ്ച മുമ്പ് നടന്ന ഓസ്കര്‍ പുരസ്കാരദാന ചടങ്ങില്‍ അവതാരകനായ ക്രിസ് റോക്കിന്‍റെ മുഖത്തടിച്ച സംഭവത്തിലാണ് നടപടി.
വെള്ളിയാഴ്ച ചേര്‍ന്ന് അക്കാദമിയിലെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ചടങ്ങിലുണ്ടായ സംഭവത്തില്‍ ആ സമയം കൃത്യമായി പ്രതികരിക്കാതിരുന്നതില്‍ അക്കാദമി ക്ഷമ ചോദിക്കുകയും ചെയ്തു. അലോപേഷ്യ എന്ന രോഗം കാരണം മുടികൊഴിയുന്ന അവസ്ഥയുള്ളതിനാൽ പ്രത്യേക രീതിയിലുള്ള കേശാലങ്കാരത്തോടെയാണ് വിൽ സ്‌മിത്തിന്റെ ഭാര്യ ജെയ്ഡ സ്മിത്ത് ചടങ്ങിനെത്തിയത്. ഭാര്യയെ പരിഹസിച്ച് അവതാരകന്‍ സംസാരിച്ചതിനെത്തുടര്‍ന്നാണ് പ്രകോപിതനായ സ്മിത്ത് അവതാരകന്‍റെ മുഖത്തടിച്ചത്. സംഭവത്തില്‍ പിന്നീട് അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരുന്നു. അതേസമയം അക്കാദമിയുടെ തീരുമാനത്തെ അംഗീകരിക്കുന്നതായി വില്‍സ്മിത്ത് അറിയിച്ചു.