കണ്ണൂർ : സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനായി പോകുന്ന കെവി തോമസിനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്ന് കെ മുരളീധരൻ. പാർട്ടിയിലെ അദ്ദേഹത്തെ സേവനങ്ങളെ വിലമതിക്കാതിരിക്കരുതെന്നും പല പ്രതിസന്ധിഘട്ടകളിലും കെവി തോമസിന്റെ ഇടപെടലുകളുണ്ടായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. ഓടുപൊളിച്ചല്ല കെവി തോമസ് പാലമെന്റിൽ പോയത്. ജനങ്ങളുടെ പിന്തുണയുള്ളത് കൊണ്ടാണ് അത് സാധ്യമായത്. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടണമെങ്കിൽ ജനപിന്തുണ ആവശ്യമില്ല. പകരം എംഎൽഎമാരുടെ ഭൂരിപക്ഷം മതി. പക്ഷേ ലോക്സഭയിലേക്കും നിയമസഭയിലേക്കും ജയിക്കണമെങ്കിൽ ജനപിന്തുണ വേണം. കെവി തോമസിന് അതുണ്ടായിരുന്നു.
ഏറെക്കാലമായി കൂടെയുള്ള സഹപ്രവർത്തകനാണ് കെവി തോമസ്. സ്വാഭാവികമായും അദ്ദേഹം വിട്ടു പോകുന്നതിൽ പ്രയാസമുണ്ട്. അധികാരം മോഹിക്കാത്ത ആരും രാഷ്ട്രീയത്തിൽ ഇല്ല. പക്ഷേ അദ്ദേഹത്തിന്റെ ചില വിഷമങ്ങൾ പരിഹരിക്കപ്പെട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. ഈ വയസിൽ ഇങ്ങനെയൊരു വേഷം കെട്ടണോയെന്ന് അദ്ദേഹം ആലോചിക്കണമെന്നും മുരളീധരൻ പറഞ്ഞു. അതേ സമയം കോൺഗ്രസ് നേതാക്കൾ അപമാനിച്ചത് കൊണ്ടാണ് സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്ന് കോൺഗ്രസ് നേതാവ് കെവി തോമസ് പറഞ്ഞു. താൻ കോൺഗ്രസുകാരനായി തുടരും. കോൺഗ്രസുകാരനായിരിക്കാൻ സ്ഥാനമാനങ്ങൾ ആവശ്യമില്ല. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നന്മയുള്ളവനാണെന്നും എന്നാൽ അദ്ദേഹത്തിന് ചുറ്റുമുള്ളവർ തിമിംഗലങ്ങളാണെന്നും കെവി തോമസ് തുറന്നടിച്ചു.
തന്റെ പാർലമെന്ററി ജീവിതം അവസാനിച്ചെന്നും കെവി തോമസ് വ്യക്തമാക്കി. അതിനാൽ തന്നെ തൃക്കാക്കര തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യം പ്രസക്തമല്ല. ഇനി ഒരു പാർലമെന്ററി തെരഞ്ഞെടുപ്പിനില്ലെന്ന് വ്യക്തമാക്കിയ മുൻ കേന്ദ്രമന്ത്രി, താനൊരു ഗ്രൂപ്പിന്റെ ഭാഗമായിരുന്നെങ്കിൽ തന്നെയാരും തൊടില്ലായിരുന്നുവെന്നും പറഞ്ഞു. താൻ ഗ്രൂപ്പിൽ നിന്നു മാറുന്നതാണ് പ്രശ്നം. കേരളത്തിലെ ഗ്രൂപ്പുകൾ ചേർന്ന് തന്നെ വളയുകയാണ്. പിണറായി വിജയനെ കെ റെയിൽ കൊണ്ടു വരുന്നു എന്നത് കൊണ്ട് മാത്രം എതിർക്കരുത്. ന്യൂനതകൾ ചൂണ്ടിക്കാട്ടാം. പിണറായി വിജയൻ മികച്ച മുഖ്യമന്ത്രിയാണ്. ഒരു സ്ഥാനവും സി പി എം ഓഫർ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുക്കുമെന്ന് പറഞ്ഞത് മുതൽ കെ സുധാകരനടക്കമുള്ളവർ തന്നെ ഗൺപോയിന്റിൽ നിർത്തി. തിരുത തോമയെന്ന് തുടരെ തുടരെ അപമാനിച്ചു. സോഷ്യൽ മീഡിയയിലും അപമാനിച്ചു. താൻ കോൺഗ്രസുകാരനാണ്. സ്ഥാനമാനങ്ങളിൽ നിന്ന് പുറത്താക്കാം. പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാനാവില്ല. നടപടികളെ ഭയക്കുന്നില്ലെന്നും കെവി തോമസ് പറഞ്ഞു.