കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ല. ഹാജരാകാൻ അസൗകര്യം അറിയിച്ച് കാവ്യ മറുപടി നൽകി. മറ്റൊരു ദിവസം സമയം അനുവദിക്കണമെന്നാണാവശ്യം. നാളെ ചോദ്യം ചെയ്യാനായിരുന്നു ക്രൈം ബ്രാഞ്ചിൻ്റെ തീരുമാനം. ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് ആലുവയിലെ വീട്ടിൽ വെച്ച് ചോദ്യം ചെയ്യാമെന്നാണ് കാവ്യ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. നിലവിൽ സാക്ഷി ആയാണ് കാവ്യാ മാധവനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുള്ളത്. സാക്ഷിയായ സ്ത്രീകളെ പൊലിസ് സ്റ്റേഷനിൽ വിളിപ്പിക്കരുതെന്നാണ് ചട്ടം. ഈ സാഹചര്യത്തിൽ ആണ് കാവ്യയുടെ സൗകര്യം തേടിയത്. കേസിലെ ഗൂഡാലോചനയെക്കുറിച്ച് കാവ്യയ്ക്ക് എല്ലാം അറിയാമെന്നാണ് ബാലചന്ദ്ര കുമാർ അടക്കം ഉള്ളവരുടെ മൊഴികൾ.